covid

ന്യൂഡൽഹി: രാജ്യത്ത് എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കുമെന്ന് കേന്ദ്രസഹമന്ത്രി പ്രതാപ് സാരംഗി പറഞ്ഞു. ഓരോ വ്യക്തിക്കും വാക്‌സിനേഷൻ ലഭ്യമാക്കാൻ 500 രൂപ വീതം ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
ബീഹാറിന് സൗജന്യ കൊവിഡ് വാക്സിൻ ഉറപ്പാക്കുമെന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഒഡിഷ മന്ത്രി ആർ.പി. സ്വയിൻ ഉന്നയിച്ച ചോദ്യത്തിനാണ് ബാലസോറിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രമന്ത്രി മറപടി നൽകിയത്.

അതിനിടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മാതൃകയിൽ കൊവിഡ് വാക്സിൻ വിതരണത്തിന് ബൃഹദ് സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതതല സമിതി നടപടി തുടങ്ങി. സംഭരണം മുതൽ വിതരണംവരെ ഡിജിറ്റൽ മേൽനോട്ടം ഉറപ്പാക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ജില്ലാ ആശുപത്രികൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾവരെ ഉൾപ്പെടുന്ന ആരോഗ്യസംവിധാനങ്ങൾക്ക് പുറമെ സ്കൂളുകളിൽ ബൂത്തുകൾ സ്ഥാപിച്ചും വാക്സിൻ വിതരണം ചെയ്യാനുമാണ് ആലോചന. മുൻഗണനാ ക്രമമനുസരിച്ച് മരുന്ന് സ്വീകരിക്കേണ്ട വ്യക്തിക്ക് സ്ഥലവും സമയവും അടക്കം മൊബൈലിൽ സന്ദേശം നൽകും. വാക്സിൻ സ്വീകരിച്ചശേഷം ക്യൂ.ആർ കോഡ് അധിഷ്ഠിതമായ ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതും പരിഗണനയിലുണ്ട്. അടുത്തവർഷം ജൂലായോടെ ആരോഗ്യപ്രവർത്തകർ, പൊലീസുകാരുൾപ്പെടെയുള്ള മുൻനിര പ്രതിരോധപ്രവർത്തകർ, വൃദ്ധർ തുടങ്ങി മുൻഗണനാ വിഭാഗത്തിലുള്ള 30 കോടി പേർക്ക് വാക്സിനേഷൻ നൽകുകയാണ് ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിനായ 'കൊവാക്‌സിൻ" മൂന്നാംഘട്ട പരീക്ഷണം ഒഡിഷയിലെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ തുടങ്ങി. രാജ്യത്താകെ 21 സ്ഥാപനങ്ങളിലാണ് അന്തിമ പരീക്ഷണം നടത്തുക.