
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ വിമർശനം ഉന്നയിച്ച സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യ പരാതി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് കത്തയച്ചു.
ചീഫ് ജസ്റ്റിസ് ബോബ്‌ഡെക്കെതിരായ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റാണ് പരാതിക്ക് ആധാരം. ഒക്‌ടോബർ 21ലെ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റിൽ ചീഫ് ജസ്റ്റിസിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തീർപ്പുകൽപ്പിക്കാത്ത കേസുമായി ബന്ധപ്പിക്കുന്നത് കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പരാതിയിൽ പറയുന്നു.
മദ്ധ്യപ്രദേശിലെ എം.എൽ.എമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാറിന്റെ ഹെലികോപ്ടറിൽ ചീഫ് ജസ്റ്റിസ് കൻഹ ദേശീയ പാർക്ക് സന്ദർശിച്ച ശേഷം സ്വന്തം നാടായ നാഗ്പൂരിലേക്ക് പോയി. മദ്ധ്യപ്രദേശ് സർക്കാറിന്റെ നിലനൽപ്പ് ഈ കേസിനെ ആശ്രയിച്ചിരിക്കുമെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. മുൻപും ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴയടച്ചിരുന്നു.