
ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന്റെ തലസ്ഥാനമായ ലേയിലെ ലഡാക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ (എൽ.എ.എച്ച്.ഡി.സി) തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം. ഒക്ടോബർ 22ന് വോട്ടെടുപ്പ് നടന്ന 26 സീറ്റിൽ 15ലും ബി.ജെ.പി ജയിച്ചു. 9 സീറ്റുകൾ കോൺഗ്രസും രണ്ടെണ്ണം സ്വതന്ത്രരും നേടി. ആകെയുള്ള 30 സീറ്റുകളിൽ നാലെണ്ണത്തിലേക്ക് സർക്കാർ നോമിനേറ്റു ചെയ്യും. കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്രഭരണ പ്രദേശമായതിന് ശേഷം ലഡാക്കിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
ജമ്മുകാശ്‌മീരിനെ വിഭജിച്ചത് അംഗീകരിക്കാതെ പ്രതിഷേധത്തിലുള്ള നാഷണൽ കോൺഫറൻസ്, പി.ഡി.പി അടക്കമുള്ള പ്രാദേശിക പാർട്ടികൾ ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ ആംആദ‌്മി പാർട്ടിയും മത്സരിച്ചിരുന്നു. 2015ലെ തിരഞ്ഞെടുപ്പിലും ബി.ജെ.പിയാണ് ഭൂരിപക്ഷം നേടിയത്.