
ന്യൂഡൽഹി: ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബി.ജെ.പി സംസ്ഥാന വ്യാപകമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രം. എൻ.ഡി.എയുടെ മുഖ്യമന്ത്രി മുഖമായ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ബോർഡിൽ ഇല്ലാത്തത് ചർച്ചയായി. 'ബി.ജെ.പിയാണെങ്കിൽ വിശ്വാസമുണ്ട്" എന്ന അടിക്കുറിപ്പോടെയുള്ളതാണ് ബോർഡുകൾ. ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയെ മുന്നിൽ നിറുത്തി ജെ.ഡി.യുവിനെ ബി.ജെ.പി പിന്നിൽ നിന്ന് കുത്തുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മോദി ബോർഡുകളെത്തിയത്. മോദിയുടെയും നിതീഷിന്റെയും ചിത്രമുള്ള ബോർഡുകളാണ് എൻ.ഡി.എ സ്ഥാപിച്ചിരുന്നത്. ജെ.ഡി.യുവും ബി.ജെ.പിയും സ്വന്തംനിലയിൽ പുറത്തിറക്കിയ പോസ്റ്ററുകളിലും ഇരുനേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു.