m

ന്യൂഡൽഹി: രാജ്യത്തെ ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഊർജ്ജ മേഖലയിൽ പരിസ്ഥിതി സൗഹൃദവും നിക്ഷേപം ആകർഷിക്കുന്നതും വളർച്ച ഉറപ്പാക്കുന്നതുമായ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും നാലാമത് ഇന്ത്യാ എനർജി ഫോറം പരിപാടിയിൽ വീഡിയോ കോൺഫറൻസ് വഴി അദ്ദേഹം പറഞ്ഞു.

ഊർജ്ജം സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ ലഭ്യമാകണം. ഇന്ത്യയിലെ ഊർജ്ജ ഉപഭോഗം വരും നാളുകളിൽ ഇരട്ടിയാകും. ഊർജ്ജ സമ്പത്ത് വഴി സ്വയം പര്യാപ്‌തമാകുന്ന ഇന്ത്യയ്‌ക്ക് ആഗോള സമ്പദ്‌വ്യവസ്ഥയിലും സ്വാധീന ശക്‌തിയാകാൻ കഴിയും. സൗരോർജ്ജം അടക്കമുള്ള പാരമ്പര്യേതര ഊർജ്ജ ശേഷി 2022ൽ 175 ജിഗാവാട്ടായി ഉയരും. 2030ൽ ലക്ഷ്യം 450 ജിഗാവാട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാതകം അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കം, പരിസ്ഥിതി സൗഹൃദ പെട്രോളിയം, കൽക്കരി ഇന്ധനം, ഹൈഡ്രജൻ പോലുള്ള പുതിയ ഇന്ധനങ്ങളുടെ ഉപയോഗം, ഊർജ്ജ മേഖലയിലെ ഡിജിറ്റൽവത്‌ക്കരണം തുടങ്ങിയ നടപടികൾ ഇന്ത്യയുടെ ഊർജ്ജ മേഖലയ്‌ക്ക് കരുത്തു പകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.