gunda

ബോളിവുഡ് സിനിമയ്ക്ക് പാട്ടും നൃത്തവുമെന്ന പോലെ ഉത്തരേന്ത്യൻ രാഷ്‌ട്രീയത്തിന്റെ അനിവാര്യഘടകമായിരിക്കുന്നു ക്രിമിനൽ-മാഫിയാ ബന്ധം. രാഷ്‌ട്രീയത്തിലെ ക്രിമിനൽ വിളയാട്ടം നിയന്ത്രിക്കാൻ സുപ്രീംകോടതിയുടെ മാർഗനിർദ്ദേശമൊക്കെയുണ്ടെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം പരിശോധിക്കുമ്പോളറിയാം അതിന്റെ നടപ്പാകാത്ത വശം.

ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വരും മുമ്പ് ബീഹാറിലായിരുന്ന ധൻബാദ് ജില്ലയിലെ വാസേപൂരിലെ ഗുണ്ടകളുടെ കഥ പറയുന്ന, 2012ൽ ഇറങ്ങിയ 'ഗാംഗ്‌സ് ഓഫ് വാസെപ്പൂർ' എന്ന ചിത്രത്തിൽ സംവിധായകൻ അനുരാഗ് കശ്യപ് വരച്ചു കാട്ടുന്നുണ്ട് ഉത്തരേന്ത്യൻ രാഷ്‌ട്രീയത്തിലെ ക്രിമിനൽ, ഗുണ്ടാ കടന്നുകയറ്റവും സ്വാധീനവുമൊക്കെ. ബ്രിട്ടീഷ് ഭരണകാലത്ത് ധൻബാദിലെ കൽക്കരി ഖനികളെ ചുറ്റിപ്പറ്റി വളർന്ന മാഫിയ-ഗുണ്ടാ സംഘങ്ങൾ സ്വാതന്ത്ര്യാനന്തരം മാറ്റങ്ങൾക്ക് വിധേയമാകുകയും പുതിയ കുപ്പായങ്ങളിഞ്ഞ് ഒരു ഭാഗത്ത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ ആജ്ഞാനുവർത്തികളും മറുഭാഗത്ത് അവരെ ഭീഷണിപ്പെടുത്തി സമൂഹത്തെ നിയന്ത്രിക്കുന്നവരും ആയി മാറുന്നതെങ്ങനെയെന്ന് ചിത്രത്തിൽ കാണാം. സിനിമയ്‌ക്കു വേണ്ടി വരുത്തിയ ചില മാറ്റങ്ങളൊഴിച്ചാൽ അനുരാഗ് കശ്യപിനായി കഥയെഴുതിയ നടനും സംവിധായകനുമായ സെയ്‌ഷാൻ ക്വാദ്രിയുടെ കഥാപാത്രങ്ങൾ വസെപ്പൂരിൽ ജീവിച്ചിരുന്നവരാണ്.

ഗുണ്ടാവിളയാട്ടം, സ്വാധീനം, രാഷ്‌ട്രീയം

ജൂലായിൽ മധ്യപ്രദേശിലെ ഉജ്ജെയ്‌നിൽ വച്ച് അറസ്‌റ്റിലായ ശേഷം ഉത്തർപ്രദേശിലേക്ക് കൊണ്ടും പോകും വഴി രക്ഷപ്പെടാൻ ശ്രമിക്കവെ(പൊലീസ് ഭാഷ്യം) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗ്യാങ്സ്‌റ്റർ വികാസ് ദുബെയെ ഓർമ്മയില്ലേ. ബി.ജെ.പി നേതാവും യു.പിയിലെ മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ളയെ പൊലീസ് സ്‌റ്റേഷനുള്ളിലിട്ട് കൊന്നയാൾ. എന്നാൽ സാക്ഷികളായ പൊലീസുകാർ മൊഴിമാറ്റിയതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ട 'വീരൻ'. ഒരു കൊലക്കേസിൽ, തന്നെ അറസ്‌റ്റ് ചെയ്യാൻ വന്ന പൊലീസ് സംഘത്തിലെ ഡി.എസ്.പി അടക്കം എട്ടുപേരെ കൊന്നത് മറ്റൊരു സംഭവം. ഇതടക്കം നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടത്തി നാടിനും നാട്ടുകാർക്കും ശല്യമായെങ്കിലും ഉന്നതങ്ങളിൽ പിടിപാടുള്ളതിനാൽ വികാസ് ദുബെയെ ആരും തൊട്ടില്ല. 60 കൊലക്കേസുകളിൽ പ്രതിയായ ആൾ ശിക്ഷിക്കപ്പെട്ടത് ഒരിക്കൽ മാത്രം.

ഗുണ്ടാപ്പണിയിലൂടെ പണവും പ്രശസ്‌തിയുമാകുമ്പോൾ രാഷ്‌ട്രീയത്തിലിറങ്ങി കളിച്ച് നില ഭദ്രമാക്കുന്നതാണ് യു.പിയിലെയും ബീഹാറിലെയും നാട്ടുനടപ്പ്. പിന്നെ സിനിമാ താരത്തെപ്പോലെ ഗ്ളാമറുള്ള ഒരുത്തിയെ കെട്ടുകയും വേണം. 90 കൾ മുതൽ പല നേതാക്കൾക്കു വേണ്ടിയും കാൺപൂരിൽ ഗുണ്ടാപ്പണി നിർവഹിച്ച് വളർന്നു വലുതായ വികാസ് ദുബെ സുരക്ഷിതത്വം കൂടി മുന്നിൽ കണ്ടാണ് ബി.എസ്.പിയിലൂടെ രാഷ്‌ട്രീയത്തിലിറങ്ങിയത്. ഗ്ളാമറുള്ള റിച്ചയെ വിവാഹവും കഴിച്ചു.

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഗുണ്ടയല്ലേ, വോട്ടു ചെയ്‌ത് തോൽപ്പിക്കാനെങ്ങാനും ശ്രമിച്ചാൽ അടുത്ത തവണ പോളിംഗ് ബൂത്ത് പോലും കാണാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെ സിമ്പിളായി ജയിച്ചു. കേസ് മൂലം മത്സരിക്കാൻ കഴിയാതെ വന്നപ്പോൾ ഭാര്യ റിച്ചയായിരുന്നു സ്ഥാനാർത്ഥി. കാൺപൂരിലെ ചൗബേപൂർ മേഖലയിൽ ഒരു ലക്ഷത്തോളം വോട്ടുകൾ വികാസ് ദുബെയുടെ നിയന്ത്രണത്തിലായിരുന്നു. അങ്ങനെ നേതാക്കളുടെ പ്രീതി സമ്പാദിച്ച ദുബെ രാഷ്‌ട്രീയത്തിൽ വലിയ കളികൾ പ്ളാൻ ചെയ്തു. ബി.ജെ.പിയിലേക്ക് കളം മാറ്റി. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനിടെയാണ് പൊലീസ് ഓപ്പറേഷനും ഉജ്ജെയ്‌നിലേക്കുള്ള ഒളിച്ചോട്ടവുമൊക്കെ. എന്നാൽ ചില രഹസ്യങ്ങൾ പുറത്തുവരാതിരിക്കാൻ

വികാസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിൽ ഇല്ലാതാക്കിയെന്ന ആരോപണവും ശക്തമാണ്.

ബി.ജെ.പി നേതാവിനെ കൊന്ന കേസിൽ പ്രതിയായ ശേഷം കോടതി വെറുതെ വിട്ട ഉത്തർപ്രദേശിലെ മൗവ മണ്ഡലത്തിലെ ബി.എസ്.പി എം.എൽ.എ മുക്താർ അൻസാരി, മിർസാപൂരിലും വാരാണസിയിലും ജനങ്ങളെ വിറപ്പിച്ച് ഒടുവിൽ ജയിലിൽ വച്ച എതിർ ഗാംങിന്റെ നേതാവിന്റെ വെടിയേറ്റു മരിച്ച മുന്നാ ബജ്‌രംഗി തുടങ്ങി ഗുണ്ടകളായി തുടങ്ങി രാഷ്‌ട്രീയത്തിലിറങ്ങിയ 'നായകൻ'മാരുടെ കഥകൾ ഉത്തർപ്രദേശിലെയും ബീഹാറിലെയും പാണൻമാർ പാടി നടക്കുന്നുണ്ട്.

കഥകൾ ആവർത്തിക്കുന്ന ബീഹാർ
ബീഹാറിൽ ഇന്ന് നടക്കുന്ന ആദ്യ ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളിൽ 244 പേർ മാനഭംഗം, കൊലപാതകക്കു​റ്റം ഉൾപ്പെടെ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 29 പേർക്കെതിരെ സ്‌ത്രീകളെ ആക്രമിച്ചതിനുള്ള കേസുകളാണ്. മൂന്നു പേർ മാനഭംഗക്കേസ് പ്രതികൾ.
കൊലപാതക കേസിൽ പ്രതികളായവർ 21പേർ. അധികാരം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ആർ.ജെ.ഡിയുടെ സ്ഥാനാർത്ഥികളാണ് ഇവരിലേറെയും(ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് അഴിമതിക്കേസിൽ ജയിലിലുമാണല്ലോ). ലാലുവിനെതിരെ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ പണ്ട് രംഗത്തിറക്കിയ പഴയ ഗുണ്ടാത്തലവൻ അനന്ത് സിംഗിനെ ആർ.ജെ.ഡി ഇക്കുറി സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. ഒരു ജില്ലാ കളക്ടറെ വെടിവച്ചു കൊന്ന കേസിൽ പ്രതിയായ മറ്റൊരു ഗുണ്ടാ കം നേതാവ് ആനന്ദ് മോഹന്റെ മക്കൾ ആർ.ജെ.ഡി ടിക്കറ്റിൽ മത്സരിക്കുന്നു. ആനന്ദ് മോഹൻ ജനതാദൾ, ആർ.ജെ.ഡി, സമസ്ത പാർട്ടി, ബി.ജെ.പി പാർട്ടികളിൽ പ്രവർത്തിച്ചിരുന്നു. ജൻ അധികാർ പാർട്ടിയുടെ നേതാവ് രാജേഷ് രഞ്ജൻ എന്ന പപ്പുയാദവിനുമുണ്ട് ഒരു ഗുണ്ടാ പിന്നാമ്പുറം. ആനന്ദ് മോഹന്റെ സംഘവും പപ്പു യാദവിന്റെ സംഘവുമായി ഏറ്റുമുട്ടൽ പതിവായിരുന്നു. സി.പി.എം എം.എൽ.എയെ കൊന്ന കേസിൽ പ്രതിയായിരുന്ന പപ്പുയാദവ് എസ്.പി, ആർ.ജെ.ഡി, ലോക്ജൻശക്തി പാർട്ടികളിൽ പ്രവർത്തിച്ച ശേഷമാണ് ജൻ അധികാർ പാർട്ടിയുണ്ടാക്കിയത്.

നാടിന് വികസനം നൽകുന്ന, ജനങ്ങൾക്കൊപ്പം നിന്ന് നയിക്കുന്ന നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവസരം വോട്ടമാർക്ക് നിഷേധിക്കപ്പെടുന്നതിന്റെ നേർ ചിത്രങ്ങൾ കൂടിയാണിത്. കുൽസിത മാർഗങ്ങളിലൂടെ സ്വാധീനമുണ്ടാക്കി ചെയ്‌ത തെറ്റുകൾക്ക് മറയിടാൻ രാഷ്‌ട്രീയത്തിലിറങ്ങുന്ന ഗുണ്ടാതലവൻമാർ യഥാർത്ഥ ജനനേതാക്കളാകുമോ എന്നത് വേറെ വിഷയം. പക്ഷേ കൊന്നും മോഷ്‌ടിച്ചും പെണ്ണു പിടിച്ചും നടന്നവൻ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ അന്തസത്ത തന്നെയാണ്.