hathras

ന്യൂഡൽഹി: യു.പിയിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ സി.ബി.ഐ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കുമെന്ന് സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. സുബ്രമണ്യൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നി‍ർദേശിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ കുടുംബത്തിനും ദൃക്‌സാക്ഷികൾക്കും സി.ആർ.പി.എഫ് സുരക്ഷയൊരുക്കണം. കേസിന്റെ വിചാരണ ഡൽഹിക്ക് മാറ്റുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

ഹാ‌ഥ്‌രസ് കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക സത്യമ ദുബെയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഒക്‌ടോബർ 15ന് വാദം പൂർത്തിയായി. പിന്നീട് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.

ബന്ധുക്കളുടെ അനുവാദമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസിന്റെ വിചാരണ യു.പിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.