us

ന്യൂഡൽഹി: ഇന്ത്യ -പസഫിക് മേഖലയിലെ സുരക്ഷയും വികസനവും ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും സഹകരണം വർദ്ധിപ്പിക്കുമെന്ന് 2+2 ചർച്ചയ്‌ക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. ദക്ഷിണ ചൈനാ കടലിൽ ഏതെങ്കിലും രാജ്യത്തിന്റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നും ചൈനയെ പരോക്ഷമായി സൂചിപ്പിച്ച് പ്രസ്‌താവനയിൽ വ്യക്തമാക്കി. കൊവിഡ് മഹാമാരി പ്രതിരോധത്തിലും വാക്‌സിൻ, മരുന്നുകൾ, ചികിത്സ, വെന്റിലേറ്ററുകൾ, അവശ്യ ഉപകരണങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിലും സഹകരണം ശക്തിപ്പെടുത്തും.

ഇരു യു.എസ് സെക്രട്ടറിമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. കൊവിഡ് അടക്കമുള്ള ആശങ്കകളും ഇന്ത്യാ-യു.എസ് സഹകരണവും ചർച്ച ചെയ്‌തു. പോംപിയോയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും ചർച്ച നടത്തി.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്:

ഇരു രാജ്യങ്ങളുടെയും പ്രതിരോധ സഹകരണത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതാണ് 2+2 ചർച്ച. 2016 ഒപ്പിട്ട ലെമോവ, 2018ൽ ഒപ്പിട്ട കോംകോസ കരാറുകൾക്ക് ശേഷമുള്ള ബെക്ക കരാർ ഇന്ത്യ-യു.എസ് ബന്ധത്തിലെ നാഴികക്കല്ലാണ്.

അമേരിക്കയുമായുള്ള സമുദ്രതല സഹകരണമാണ് അടുത്ത ഘട്ടം. ആത്മനിർഭർ പദ്ധതിയിൽ അമേരിക്കൻ പ്രതിരോധ കമ്പനികൾക്ക് സാധനങ്ങൾ നിർമ്മിച്ചു നൽകാൻ ഇന്ത്യൻ കമ്പനികൾക്ക് അവസരമുണ്ടാക്കുന്നതും ചർച്ചയായി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ:

അയൽ രാജ്യങ്ങളുടെ വികസനവും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം ഉന്മൂലനം ചെയ്യാനുള്ള മാർഗങ്ങളും ചർച്ചയായി.

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കാൻ തുടർന്നും പിന്തുണയ്‌ക്കും. ഇന്ത്യയെ ബഹുമുഖ പങ്കാളിയെന്ന നിലയിൽ യു.എസ് വിലമതിക്കുന്നു.

യു.എസ് പ്രതിരോധസെക്രട്ടറി മാർക്ക് ഇസ്‌പർ:

കൊവിഡ് മഹാമാരിയും വളരുന്ന സുരക്ഷാ വെല്ലുവിളികളും നേരിടാൻ ഇന്ത്യാ-യു.എസ് സഹകരണത്തിന് പ്രാധാന്യമുണ്ട്. ഉപഭൂഖണ്ഡത്തിലെയും ലോകത്തെ മറ്റിടങ്ങളിലെയും സുരക്ഷ, സമാധാനം, വികസനം എന്നിവ സഹകരണത്തിലൂടെ ഉറപ്പാക്കാം. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റം അവസാനിപ്പിക്കാനും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഒന്നിച്ച് പ്രവർത്തിക്കും.