covid-cases

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വൻകുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 36,470 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. ജൂലായ് 18ന് 34,884 പേർക്കായിരുന്നു രോഗബാധ.

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 6,25,857 ആയി കുറഞ്ഞു. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. നിലവിലെ 35 ശതമാനം കൊവിഡ് ബാധിതരും 18 ജില്ലകളിൽ നിന്നാണ്.

ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 63,842 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 90.62 ശതമാനം.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു.

കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്ക് കൊവിഡ്

കേന്ദ്രസാമൂഹ്യനീതി സഹമന്ത്രിയും

റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ നേതാവുമായ

രാംദാസ് അത്താവലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60കാരനായ അദ്ദേഹത്തെ ദക്ഷിണ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി പായൽ ഗോഷ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുന്ന ചടങ്ങിൽ തിങ്കളാഴ്ച അത്താവലെ പങ്കെടുത്തിരുന്നു. ഫെബ്രുവരിയിൽ പ്രാർത്ഥനാ ചടങ്ങിൽ 'ഗോ കൊറോണ" മുദ്രാവാക്യം അത്താവലെ മുഴക്കിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.