lawyer-without-shirt

ന്യൂഡൽഹി: സുപ്രീംകോടതിയുടെ വിർച്വൽ ഹിയറിംഗിന് ഷർട്ടിടാതെ ഹാജരായി അഭിഭാഷകൻ!. സുദർശൻ ടി.വി കേസ് പരിഗണിക്കുന്നതിനിടെ 'ഹോപ് ഇന്ത്യ'യെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് ഷർട്ടിടാതെ ഓൺലൈൻ ഹിയറിംഗിന് എത്തിയത്. അഭിഭാഷകന്റെ നടപടി കോടതിയോടുള്ള അവഹേളനമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

'അഭിഭാഷകനെതിരെ ഇപ്പോൾ നടപടിയെടുക്കുന്നില്ല. എന്നാൽ കോടതികളുടെ വെർച്വൽ ഹിയറിംഗിന് മുന്നിൽ ഹാജരാകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പൊറുക്കാനാകാത്ത തെറ്റാണിതെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയും പറഞ്ഞു. വെർച്വൽ ഹിയറിംഗിനിടെ കോടതിയുടെ ഡെക്കറം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദ്ദേശിക്കുകയും ചെയ്തു.

സുപ്രീംകോടതിയുടെ ഓൺലൈൻ ഹിയറിംഗിനിടെ ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ല. സുപ്രീംകോടതിയുടെ തന്നെ ഓൺലൈൻ ഹിയറിംഗിനിടെ ഒരു മുതിർന്ന അഭിഭാഷകൻ പുകവലിച്ചത് വിവാദമായിരുന്നു. നേരത്തെ, രാജസ്ഥാൻ ഹൈക്കോടതിയുടെ ഓൺലൈൻ വാദത്തിനിടെ അഭിഭാഷകരിലൊരാൾ അടിവസ്ത്രം ധരിച്ചെത്തിയിരുന്നു. ഓൺലൈൻ ഹിയറംഗിനിടെ പുകവലിച്ച അഭിഭാഷകന് ഗുജറാത്ത് ഹൈക്കോടതി പതിനായിരം രൂപ പിഴയിട്ടിരുന്നു.