
ന്യൂഡൽഹി: കഴിഞ്ഞ മാസം 30 ന് പുറപ്പെടുവിച്ച അൺലോക്ക് മാനദണ്ഡങ്ങൾ നവംബർ 30 വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടി. ഉത്സവ സീസണും ഉത്തരേന്ത്യയിലെ തണുപ്പുകാലവും പരിഗണിച്ചാണിത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ നവംബർ 30 വരെ തുടരും. ഇവയ്ക്ക് പുറത്ത് കേന്ദ്രസർക്കാരുമായി ആലോചിക്കാതെ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ലോക്ക്ഡൗൺ നടപ്പാക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി. മെട്രോ റെയിൽ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ, യോഗ സ്ഥാപനങ്ങൾ, ജിമ്മുകൾ, സിനിമാശാലകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള നിയന്ത്രണങ്ങളും സുരക്ഷാമാനദണ്ഡങ്ങളും തുടരും. കായികതാരങ്ങളുടെ പരിശീലനത്തിന് നീന്തൽക്കുളങ്ങൾ, ബിസിനസ് ആവശ്യങ്ങൾക്കായുള്ള പ്രദർശനഹാളുകൾ, പകുതി സീറ്റിൽ മാത്രം ആളുകളെ പ്രവേശിപ്പിച്ച് സിനിമാ തിയേറ്ററുകൾ മൾട്ടിപ്ലക്‌സുകളും, നിയന്ത്രണങ്ങളോടെയുള്ള മത സാംസ്കാരിക പരിപാടികൾ തുടങ്ങിയവ അനുവദിച്ചിരുന്നു.
- സാധാരണനിലയിലുള്ള അന്താരാഷ്ട്ര വിമാന, ട്രെയിൻ സർവീസുകൾ നവംബറിലുമുണ്ടാകില്ല.
- യാത്രാ- ചരക്കുനീക്കത്തിന് നിയന്ത്രണം പാടില്ല. പ്രത്യേക അനുമതിയോ ഇ-പെർമിറ്റോ ആവശ്യമില്ല
-സ്‌കൂളുകളും കോളേജുകളും തുറക്കൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം
-നൂറിലേറെപ്പേർ പങ്കെടുത്തുള്ള പരിപാടികൾക്ക് അനുമതി നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.
-65 വയസിന് മുകളിലുള്ളവർ, പ്രമേഹം പോലുള്ള അസുഖമുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്