
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലുമായിരുന്ന ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു. ലണ്ടനിൽ പ്രവർത്തിക്കുന്ന കലാകാരി കരോലിൻ ബ്രോസോർഡായാണ് (56) വധു. വിവാഹം ഇന്ന് ലണ്ടനിലെ പള്ളിയിൽ നടക്കും.
സാൽവെ ഒരു വർഷം മുമ്പ് ഒരു കലാപരിപാടിക്കിടയിൽ വച്ചാണ് ബ്രോസാർഡിനെ പരിചയപ്പെടുന്നത്. ബ്രോസാർഡിന് 18കാരിയായ മകളുണ്ട്. സുപ്രീം കോടതിയിലെ തിരക്കേറിയ അഭിഭാഷകവൃത്തിക്കൊപ്പം ബ്രിട്ടനിലെ ക്വീൻസ് കൗൺസൽ കൂടിയാണ് അദ്ദേഹം. നിലവിൽ വടക്കൻ ലണ്ടനിലാണ് സാൽവെ താമസിക്കുന്നത്. രണ്ട് വർഷം മുമ്പ് ക്രിസ്ത്യൻ മതം സ്വീകരിച്ചെന്നും പള്ളിയിൽ പോകാറുണ്ടെന്നും അടുത്തിടെ സാൽവെ വ്യക്തമാക്കിയിരുന്നു.
65കാരനായ സാൽവെ കഴിഞ്ഞ ജൂണിലാണ് മീനാക്ഷി സാൽവെയുമായുള്ള 38 വർഷം നീണ്ട വിവാഹബന്ധം പിരിഞ്ഞത്. രണ്ട് പെൺമക്കളുണ്ട്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 പേർ മാത്രമേ വിവാഹചടങ്ങിൽ പങ്കെടുക്കൂ. നിരവധിപ്പേർ സാൽവെയ്‌ക്ക് ആശംസകളേകി. കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്കായി രാജ്യാന്തര നീതിന്യായ കോടതിയിൽ സാൽവെയാണ് ഹാജരായിരുന്നത്.