
ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുകാശ്മീരിലും ലഡാക്കിലും സ്ഥിരതാമസക്കാർക്ക് പുറമെ രാജ്യത്തെ ഏതൊരു പൗരനും ഭൂമി വാങ്ങാൻ അവകാശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്ഥിരതാമസമാർക്ക് മാത്രം ഭൂമി വാങ്ങാൻ അനുവാദം നൽകിയ ജമ്മുകാശ്മീർ ഡെവലപ്മെന്റ് നിയമത്തിലെ സെക്ഷൻ 17ൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. 370-ാം വകുപ്പ് നിലനിന്ന സമയത്ത് കാശ്മീരികൾക്ക് ലഭിച്ചിരുന്ന വലിയൊരു അവകാശം ഇതോടെ ഇല്ലാതായി.
സൈനിക ആവശ്യത്തിനുള്ള ഭൂമി ഉത്തരവിന്റെ പരിധിയിൽ വരില്ല. കൃഷി ഭൂമി കൃഷിക്കാരല്ലാത്തവർക്ക് കൈമാറ്റം ചെയ്യാനുമാകില്ല. എന്നാൽ കൃഷിഭൂമി വിദ്യാഭ്യാസ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കൈമാറാമെന്ന വ്യവസ്ഥയുണ്ട്.
ഭേദഗതിക്കായി ജമ്മുകാശ്മീർ അലീനേഷൻ ഓഫ് ലാൻഡ് ആക്ട്, ജമ്മുകാശ്മീർ ബിഗ് ലാൻഡഡ് എസ്റ്റേറ്റ് അബോളിഷൻ ആക്ട്, കോമൺ ലാൻഡ് ആക്ട്, കൺസോളിഡേഷൻ ആക്ട് തുടങ്ങി നിലവിലെ 12 നിയമങ്ങൾ റദ്ദാക്കി.
കേന്ദ്രസർക്കാർ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞു. സംസ്ഥാനത്തെ കർഷരുടെ ഭൂമിയെല്ലാം അന്യാധീനപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മുകാശ്മീർ ജനതയോട് കാട്ടിയ വൻ ചതിയാണെന്ന് പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയായ പി.എ.ജി.ഡിയുടെ വക്താവ് സജ്ജാദ് ലോൺ പറഞ്ഞു.