
പുനഃസംഘടന 2022ൽ പാകിസ്ഥാനും ചൈനയ്ക്കും പ്രത്യേക കമാൻഡുകൾ
ന്യൂഡൽഹി: സായുധ സേനകളുടെ ഓപ്പറേഷനുകളും സൈനിക നീക്കങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ടുവർഷത്തിനുള്ളിൽ അഞ്ച് തിയറ്റർ കമാൻഡുകളാക്കി വിഭജിക്കും. പാകിസ്ഥാൻ - ചൈന അതിർത്തിയിലെ ഭീഷണി കണക്കിലെടുത്ത് രണ്ട് തിയറ്റർ കമാൻഡുകൾ പ്രത്യേകം രൂപീകരിക്കും. യു.എസിലും ചൈനയിലും തിയറ്റർ കമാൻഡുകൾ നിലവിലുണ്ട്.
തിയറ്റർ കമാൻഡുകളുടെ രൂപീകരണത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അഡീഷണൽ, ജോയിന്റ് സെക്രട്ടറിമാരെ അധികമായി നിയമിക്കും. തിയറ്റർ കമാൻഡുകളുടെ ചുമതല ലെഫ്റ്റനന്റ് ജനറൽ റാങ്കിൽ കുറയാത്ത ഓഫീസർമാർക്കായിരിക്കും.
യുദ്ധസാഹചര്യങ്ങളിൽ മൂന്നു സേനകളുടെയും വിഭവശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് തിയേറ്റർ കമാൻഡുകളായി ക്രമീകരിക്കുന്നത് അനിവാര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ ഇന്ത്യയുടെ പ്രത്യേകത മൂലം നയതന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിനും നിർണായക നീക്കങ്ങൾ നടത്തുന്നതിനും കാര്യക്ഷമമായ സൈനിക വിന്യാസം നടത്തുന്നതിനും ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വടക്കൻ തിയറ്റർ കമാൻഡ്: ചൈനയിൽ നിന്നുള്ള ഭീഷണി നേരിടാൻ ലഡാക് മേഖലയിലെ കാരക്കോറം മുതൽ അരുണാചൽ പ്രദേശിലെ കിബിത്തുവരെ നീളുന്ന 3425 കിലോമീറ്റർ അതിർത്തിയുടെ രക്ഷയ്ക്കായി ലക്‌നൗ ആസ്ഥാനമാക്കി പ്രത്യേക വടക്കൻ തിയറ്റർ കമാൻഡ് രൂപീകരിക്കും.
പടിഞ്ഞാറൻ തിയറ്റർ കമാൻഡ്: സിയാച്ചിനിലെ സാൽതോറോ കുന്നുമുതൽ പാകിസ്ഥാൻ അതിർത്തിയെ നിരീക്ഷിക്കാനും സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കാനും പടിഞ്ഞാറൻ തിയറ്റർ കമാൻഡും രൂപീകരിക്കും. ഗുജറാത്തിലോ രാജസ്ഥാനിലോ ആയിരിക്കും ആസ്ഥാനം.
പെനിൻസുലർ തിയറ്റർ കമാൻഡ്: വ്യോമ, നാവിക സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കമാൻഡ് ആസ്ഥാനം തിരുവനന്തപുരത്താകുമെന്നാണ് സൂചന. യുദ്ധവിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയവയുടെ ഓപ്പറേഷൻ ഈ കമാൻഡിന് കീഴിലാകും.
മറൈൻ തിയറ്റർ കമാൻഡ്: സമുദ്ര സുരക്ഷ ലക്ഷ്യമിടുന്നു. ആൻഡമാൻ നിക്കോബർ ദ്വീപ് കമാൻഡുകൾ ലയിപ്പിച്ച് സംരക്ഷണം ഏറ്റെടുക്കും. അമരാവതി ആസ്ഥാനമാകും. ലക്ഷദ്വീപിലെ പോർട്ട്ബ്ളെയർ നാവിക സേനാ ഓപ്പറേഷനുകളുടെ പ്രധാന കേന്ദ്രമാക്കും.
എയർ ഡിഫൻസ് തിയറ്റർ കമാൻഡ്: ആകാശ സുരക്ഷ ഉറപ്പാക്കൽ ലക്ഷ്യമിട്ട് മൂന്ന് സായുധ സേനകളുടെയും വ്യോമ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. മുംബയ്, പോർട്ട്ബ്ളെയർ, ഗുവാഹത്തി എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ.