
ന്യൂഡൽഹി: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്ക് അനുവദിച്ച ക്വോട്ട സംബന്ധിച്ച തടസങ്ങൾ നീങ്ങിയെങ്കിലും, ആദ്യഘട്ട കൗൺസലിംഗിൽ പങ്കെടുക്കാൻ ഇ.എസ്.ഐ സംവരണമുളള കുട്ടികൾക്ക് കഴിയില്ല. സോഫ്റ്റ് വെയർ തയ്യാറാക്കി അപ്‌ഡേറ്റ് ചെയ്യുന്നതിനുളള കാലതാമസമാണ് കാരണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാർ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ഇവരുടെ കൗൺസലിംഗ് ആരംഭിക്കും.
മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നിന്ന് വിശദീകരണ ഉത്തരവ് വന്നതോടെയാണ് തൊഴിലാളികളുടെ മക്കൾക്ക് ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിലെ പ്രവേശന ക്വോട്ടയുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ,ഇ.എസ്.ഐ കോർപറേഷന് ഈ വർഷത്തെ ക്വോട്ട അനുസരിച്ച് പ്രവേശനം നടത്താമെന്ന് ഡയറക്ടർ ജനറൽ അനുരാധാ പ്രസാദ് പറഞ്ഞു. 2019 ൽ മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ചിൻറെ ഉത്തരവ് സ്റ്റേ ചെയ്ത അന്നത്തെ ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ് പുനസ്ഥാപിച്ച് കഴിഞ്ഞ ദിവസം ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു..ഇതോടെ, എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും മാറിയതായും അധികൃതർ വിശദീകരിച്ചു.