
ന്യൂഡൽഹി: പരിപ്പ് കറി, ചോറ്, നാല് ചപ്പാത്തി, സബ്ജി, പായസം, ഒരു പഴം... ഇത്രയും അടങ്ങിയ ഊണിന് എത്ര രൂപ നൽകണം? കുറഞ്ഞത് 50 രൂപയെങ്കിലും. എന്നാൽ ഡൽഹി - യു.പി അതിർത്തിയായ നോയിഡയിലെ സെക്ടർ 55ലെ ശ്യാം രസോയിയിൽ നിന്ന് അഞ്ച് രൂപയ്ക്ക് ഈ സൂപ്പർ താലി മീൽസ് കഴിക്കാം. ഇനി ഒരു രൂപയാണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ ചോറും പരിപ്പുകറിയും ലഭിക്കും. അതും വേണ്ടുവോളം. രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഊണ് സമയം. ആയിരത്തോളം പാഴ്സലുകളും ദിവസവും ഓർഡർ അനുസരിച്ച് എത്തിച്ച് നൽകാറുണ്ട്. പർവിൻ കുമാർ ഗോയലിന്റേതാണ് ഈ ഭക്ഷണശാല.
നേരത്തെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നപ്പോൾ ഭക്ഷണത്തിനായി ഒത്തിരി അലഞ്ഞിട്ടുണ്ടെന്ന് പർവിൻ പറയുന്നു. പലപ്പോഴും തുച്ഛ വരുമാനത്തിന് അനുസരിച്ച് വയറുനിറയ്ക്കാൻ പാടുപെട്ടിരുന്നു. ഒപ്പം റോഡിൽ കിടക്കുന്നുറങ്ങുന്ന ജനങ്ങൾ കുപ്പത്തൊട്ടിയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ചകളും ഏറെ വേദനിപ്പിച്ചു. എന്നെങ്കിലും സാമ്പത്തിക സ്ഥിതി വന്നുചേരുമ്പോൾ അല്പം മെച്ചപ്പെടുമ്പോൾ തുച്ഛമായ നിരക്കിൽ മറ്റുള്ളവർക്ക് ഭക്ഷണം നൽകുമെന്ന് പണ്ടേ പ്രതിഞ്ജയെടുത്തിരുന്നു.
'വെറുതെ നൽകിയാൽ അത് വാങ്ങാനെത്തുന്നവർക്ക് മനഃപ്രയാസമുണ്ടാക്കിയാലോ എന്ന ചിന്തയിലാണ് പത്ത് രൂപയ്ക്ക് താഴെ ഭക്ഷണം നൽകാൻ തീരുമാനിച്ചത്.
ആളുകളുടെ സഹായത്തിലൂടെയാണ് ഹോട്ടൽ നടത്തിപ്പിന് പണം കണ്ടെത്തുന്നത്. പണം മാത്രമല്ല ചിലർ സാധനങ്ങളും തരാറുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രായമായ സ്ത്രീ റേഷൻ എത്തിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തു. കുറച്ച് പേർ ഗോതമ്പ് തന്നു. ഡിജിറ്റൽ പേമെന്റിലൂടെയാണ് കൂടുതൽ സഹായം.'- പർവിൻ പറഞ്ഞു.
ആറ് ജോലിക്കാരുണ്ട്. ഇവർക്ക് ദിവസം 300 - 400 രൂപയാണ് ശമ്പളം. കടയിലെത്തുന്ന ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ശമ്പളവും കൂട്ടിനൽകും. അടുത്തുള്ള കോളേജിലെ കുട്ടികളും ചിലസമയങ്ങളിൽ സഹായിക്കാനായി എത്താറുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിക്കുന്ന കടയിൽ ദിവസവും ആയിരക്കണക്കിന് ആളുകൾ ഭക്ഷണം കഴിക്കാനെത്തുന്നുണ്ട്.