
തീരുമാനം നാളത്തെ കേന്ദ്രകമ്മിറ്റിയിലുണ്ടാവും കോൺഗ്രസ്, സി.പി.എം പോര് ഇനി കേരളത്തിൽ മാത്രം
ന്യൂഡൽഹി: കേരള ഘടകം അയഞ്ഞതോടെ സി.പി.എമ്മിന് പശ്‌ചിമബംഗാളിൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സംഖ്യത്തിനുള്ള തടസങ്ങൾ നീങ്ങി. ബി.ജെ.പിക്കെതിരെ പോരാടാനും പാർട്ടിയെ ശക്തിപ്പെടുത്താനും കോൺഗ്രസുമായി കൈകോർക്കാമെന്ന നിലപാടിനെ കഴിഞ്ഞ ദിവസം ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ കേരളഘടകവും അനുകൂലിച്ചിരുന്നു. ഇതോടെ കേരളത്തിൽ മാത്രം കോൺഗ്രസിനെ എതിർക്കുക എന്ന നിലപാടിലേക്ക് മാറുകയാണ് സി.പി.എം. നാളെ തുടങ്ങുന്ന കേന്ദ്രകമ്മിറ്റി യോഗം ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കും.
ഉടൻ നടക്കുന്ന പശ്‌ചിമബംഗാൾ, അസാം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട സമീപനരേഖയുടെ ചർച്ചയിലാണ് കേരളഘടകം പഴയ എതിർപ്പ് ഉപേക്ഷിച്ചത്. തമിഴ്നാട്ടിൽ ഡി.എം.കെ നയിക്കുന്ന മുന്നണിയിൽ സി.പി.എമ്മും കോൺഗ്രസും നിലവിൽ കക്ഷികളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും പ്രതിരോധിക്കാൻ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാനാണ് സി.പി.എം ബംഗാൾ ഘടകത്തിലെ ധാരണ. നിലവിൽ കോൺഗ്രസുമായി ചേർന്നാണ് അവിടെ സി.പി.എം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്‌ത പി.ബി യോഗത്തിൽ കേരളഘടകവും അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് കോൺഗ്രസുമായി സംഖ്യമുണ്ടാക്കാമെന്ന ധാരണയായത്. പി.ബിയുടെ കരടുരേഖയും സംസ്ഥാനങ്ങളുടെ റിപ്പോർട്ടും വെള്ളി, ശനി ദിവസങ്ങളിൽ ചേരുന്ന കേന്ദ്രകമ്മിറ്റി വിശദമായി ചർച്ച ചെയ്യും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചതുമായി ബന്ധപ്പെട്ട് ബംഗാൾ-കേരള ഘടകങ്ങൾ തമ്മിലുണ്ടായ ഭിന്നത പാർട്ടിയിൽ വൻ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തുടർന്ന് കേന്ദ്രകമ്മിറ്റി ചേർന്ന് കോൺഗ്രസുമായി സംഖ്യം വേണ്ടെന്ന് നിലപാടെടുത്തതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുധാരണയുമുണ്ടായില്ല. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയാകാമെന്ന 2018ലെ പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയം കേരളഘടകം ഇതുവരെ അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ നടക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിലും കോൺഗ്രസും ആർ.ജെ.ഡിയും അടങ്ങിയ മഹാമുന്നണിയുടെ ഭാഗമാണ് സി.പി.എം.