
പാട്ന: ദുർഗാ വിഗ്രഹം ഗംഗയിൽ നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടെ മുംഗേറിൽ നടന്ന പൊലീസ് വെടിവയ്പ്പിലും ലാത്തിച്ചാർജ്ജിലും 18കാരൻ കൊല്ലപ്പെട്ട സംഭവം എൻ.ഡി.എയ്ക്കെതിരെ തിരഞ്ഞെടുപ്പിൽ ആയുധമാക്കി പ്രതിപക്ഷം. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ ഇന്നലെ രാവിലെ തന്നെ വാർത്താസമ്മേളനം വിളിച്ച തേജസ്വി യാദവ് ഉൾപ്പെടെയുള്ള മഹാസഖ്യം നേതാക്കൾ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്കെതിരെയും കടുത്ത വിമർശനമുയർത്തി. ലാത്തിച്ചാർജിന് നേതൃത്വം നൽകിയ എസ്.പി ലിപിസിംഗ് ജെ.ഡി.യു എം.പി ആർ.പി സിംഗിന്റെ മകളാണെന്നതും ഭരണപക്ഷത്തിന് തിരിച്ചടിയായി.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥൻ ജനറൽ ഡയറുമായാണ് തേജസ്വി സംഭവത്തെ ബന്ധപ്പെടുത്തിയത്.
'നിരപരാധികളെ വെടിവയ്ക്കാൻ 'ജനറൽ ഡയർ'ക്ക് ആരാണ് ഉത്തരവ് നൽകിയത്. എന്താണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെയ്തത്. സംഭവത്തിൽ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണം. ഉത്തരവാദിത്വത്തിൽ നിന്ന് നിതീഷിന് ഒഴിഞ്ഞുമാറാനാകില്ലെന്നും" മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥികൂടിയായ തേജസ്വി വ്യക്തമാക്കി.
വിശ്വാസങ്ങൾ ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള വഴി മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. 'നിർദയ് കുമാറും നിർമമത് മോദി'യുമാണ് (ദയയില്ലാത്ത കുമാറും, മമതയില്ലാത്ത മോദിയും) ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ ശക്തി സിംഗ് ഗോഹിൽ, സി.പി.ഐ.എം.എൽ നേതാവ് കവിതാ കൃഷ്ണൻ, സി.പി.എം നേതാവ് അവദേഷ് കുമാർ, സി.പി.ഐ നേതാവ് രാംനരേഷ് പാണ്ഡെ തുടങ്ങിയവരും പങ്കെടുത്തു.
താലിബാൻ ഭരണമാണ് ബീഹാറിൽ നടക്കുന്നതെന്ന് ആരോപിച്ച് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാനടക്കമുള്ളവരും നിതീഷിനെതിരെ രംഗത്തെത്തി. സോഷ്യൽ മീഡിയകളിലും വിഷയം സജീവമായതോടെ സംഭവത്തിൽ നിതീഷ് പ്രതിരോധത്തിലായി.
തിങ്കളാഴ്ച രാത്രിയാണ് ദുർഗാപൂജയുമായി ബന്ധപ്പെട്ട് ഗംഗാനദിയിൽ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെ മുംഗേർ ദീൻദയാൽ ചൗക്കിൽ അക്രമമുണ്ടായത്. ചടങ്ങ് വേഗത്തിൽ അവസാനിപ്പിക്കണമെന്ന് പൊലീസ് നിലപാടെടുത്തതാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ട്. കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. വെടിവയ്പ്പിൽ 18കാരൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ചില സാമൂഹ്യവിരുദ്ധരാണ് വെടിവച്ചതെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് പൊലീസ് നിലപാട്.
ലേഡി സിങ്കമായി ലിപി സിംഗ്
'ലേഡി സിങ്ക"മെന്ന് വിശേഷിപ്പിക്കപ്പെട്ട എസ്.പി ലിപി സിംഗാണ് ഒറ്റരാത്രികൊണ്ട് 'ജനറൽ ഡയർ' ആയത്. ലിപിയെ ജനറൽ ഡയറുമായി താരതമ്യപ്പെടുത്തിയുള്ള പോസ്റ്റുകൾ ട്വിറ്ററിൽ ട്രെൻഡായി.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ആർ.ജെ.ഡി സ്ഥാർത്ഥിയുടെ പരാതിയെ തുടർന്ന് ലിപിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലംമാറ്റിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും മുംഗേറിൽ തന്നെ നിയമിക്കപ്പെടുകയായിരുന്നു.