fareedhabad-shot

ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ കോളേജ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി തൗസീഫിന്റെ മൊഴി പുറത്ത്. താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതും പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യാൻ തീരുമാനിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പറയുന്നു.

ബല്ലഭ്ഗഡ് അഗർവാൾ കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥിനിയായ നികിതാ തോമറിനെ കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വൈകിട്ടോടെയാണ് തൗസീഫ് സുഹൃത്തിനോടൊപ്പം കാറിലെത്തി വെടിവച്ച് കൊലപ്പെടുത്തിയത്. പ്ലസ് ടു വരെ ഒന്നിച്ച് പഠിച്ച ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി ബന്ധം ഉപേക്ഷിച്ചു. ഇതോടെ തൗഫീക്ക് പെൺകുട്ടിയെ ശല്യപ്പെടുത്താൻ തുടങ്ങി. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ, യുവാവും സുഹൃത്തും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. യുവതി ഓടാൻ ശ്രമിക്കുമ്പോഴേക്കും പ്രതി വെടിവയ്ക്കുകയായിരുന്നു. ജനം ഓടിയെത്തിയതോടെ യുവാവും സുഹൃത്തും കാറിൽ കയറി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മതം മാറണമെന്നും വിവാഹം കഴിക്കണമെന്നും തൗസീഫ് ആവശ്യപ്പെട്ടിരുന്നുവെന്നും നികിത വിസമ്മതിച്ചുവെന്നുമാണ് റിപ്പോർട്ട്.

അതേസമയം,ഹരിയാനയിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവും എം.എൽ.എയുമായ ചൗധരി അഫ്താബ് അഹമ്മദും പ്രതിയുടെ കുടുംബവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന വാർത്ത വിവാദമായിട്ടുണ്ട്.

വൻ രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ കേസിൽനിന്ന് രക്ഷപ്പെടാമെന്ന് പ്രതി കരുതിയിരുന്നു. മാത്രമല്ല, സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ ചൗധരി അഫ്താബ് അഹമ്മദിന്റെ മണ്ഡലമായ ഹരിയാനയിലെ മേവാത്തിൽ നിന്നാണ് പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്.