
ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ഓക്സ്‌ഫോർഡ് കൊവിഡ് വാക്‌സിൻ ഡിസംബർ ആദ്യം രാജ്യത്ത് തയ്യാറാകുമെന്ന് കമ്പനി മേധാവി അദാർ പൂനവാല.
നൂറ് മില്യൺ (പത്ത്‌കോടി) ഡോസുകൾ ഉൾപ്പെട്ട ആദ്യ ബാച്ച് 2021ലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തിൽ ലഭ്യമാക്കും.
'പരീക്ഷണങ്ങൾ ഡിസംബറോടെ പൂർത്തിയാകും. ജനുവരിയിൽ വാക്‌സിൻ ഇന്ത്യയിൽ അവതരിപ്പിക്കും. ബ്രിട്ടനിൽ നടക്കുന്ന അവസാന ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്തുവിടുകയും വിശദാംശങ്ങൾ കൈമാറുകയും ചെയ്താൽ വാക്‌സിൻ സുരക്ഷിതമാണെന്ന ആത്മവിശ്വാസം ലഭിക്കും.
അതിനുശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കകം നമുക്ക് അടിയന്തര ലൈസൻസിനുവേണ്ടി ഇന്ത്യൻ അധികൃതരെ സമീപിക്കാം. നടപടിക്രമങ്ങൾ രണ്ടോ മൂന്നോ ആഴ്ച നീണ്ടേക്കാം. എന്നാലും ഡിസംബറോടെ വാക്‌സിൻ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.
അതിനിടെ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാകില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് നടപടികൾ സ്വീകരിക്കേണ്ടത്. വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകളൊന്നും ഇതുവരെ ഉയർന്നിട്ടില്ല. എല്ലാം നല്ലരീതിയിൽ മുന്നേറുന്നുവെന്നാണ് ആദ്യ സൂചനകൾ. വാക്‌സിനെക്കുറിച്ച് ദീർഘകാല അടിസ്ഥാനത്തിലുള്ള ധാരണ ലഭിക്കാൻ ഒന്നോ രണ്ടോ വർഷം വേണ്ടിവരും.
രണ്ട് ഡോസ് എടുക്കേണ്ട വാക്‌സിനാവും വിപണിയിലെത്തുക. ഡോസുകൾക്കിടയിലുള്ള ഇടവേള 28 ദിവസമായിരിക്കും. വാക്‌സിന്റെ വിലയെപ്പറ്റി ഇപ്പോൾ ഒന്നും പറയാനാകില്ല. സർക്കാരുമായി ഇൻസ്റ്റിറ്റ്യൂട്ട് ചർച്ചകൾ നടത്തി വരികയാണ്. ഏതാനും 100 രൂപകളാവും വാക്‌സിനുവേണ്ടി ചെലവഴിക്കേണ്ടി വരികയെന്നാണ് ഇപ്പോൾ പറയാനാവുക. ബാക്കി തുക സർക്കാർ വഹിക്കും. സനോഫി ജി.എസ്.കെ.,മോഡേണ വാക്‌സിനുകളെക്കാൾ ചെലവ് കുറഞ്ഞ വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റേത് ആയിരിക്കുമെന്നും പൂനവാല അവകാശപ്പെട്ടു.
സ്മൃതി ഇറാനിയ്ക്ക് കൊവിഡ്
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി അറിയിച്ചത്. താനുമായി സമ്പർക്കമുണ്ടായവർ പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മിസോറാമിൽ ആദ്യ മരണം
മിസോറാമിൽ കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 62കാരനാണ് ഇന്നലെ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,607 കേസുകൾ. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന. 24 മണിക്കൂറിനിടെ 43,893 രോഗികൾ. ഇതോടെ മൊത്തം രോഗികൾ 79,90,322 ആയി. 24 മണിക്കൂറിനിടെ 508 മരണം. ആകെ മരണം 1,20,010. ഇതുവരെ 72,59,509 പേർ രോഗമുക്തി നേടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഡൽഹിയിലെ സ്കൂളുകൾ തുറക്കില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.