
ന്യൂഡൽഹി: ഫേസ്ബുക്കിന്റെ പോളിസി മേധാവി അങ്കി ദാസ് രാജിവയ്‌ക്കാനിടയായത് ബി.ജെ.പിക്ക് അവർ നൽകിയ സഹായങ്ങൾ കോൺഗ്രസ് തുറന്നു കാട്ടിയതിന്റെ ഫലമാണെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വെറുപ്പ് പടർത്തുന്നതും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിക്കാൻ ബി.ജെ.പി നേതാക്കൾക്ക് അങ്കിദാസ് കൂട്ടുനിന്നതായി ടൈം മാഗസിനിലും വാൾസ്ട്രീറ്റ് ജർണലിലും വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയം കോൺഗ്രസ് ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് ചെയർമാൻ മാർക്ക് സുക്കൻബർഗിന് പാർട്ടി കത്തുമയച്ചു. എന്നാൽ അങ്കിദാസിനെ പിന്തുണയ്‌ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്.
മാറ്റത്തെ പാർട്ടി സ്വാഗതം ചെയ്യുന്നു. എന്നാൽ വ്യക്തികൾ മാറുന്നത് കൊണ്ടു മാത്രം പ്രശ്‌നങ്ങൾ തീരില്ല. തങ്ങളുടെ നിക്ഷ്‌പക്ഷത തെളിയിക്കാൻ ഫേസ്ബുക്കിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.