
ബീഹാർ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നിർണായകമായ റോളുണ്ട്. സി.പി.എമ്മിനെക്കാൾ സി.പി.ഐയുടെ ശക്തികേന്ദ്രമായിരുന്നു ബീഹാർ. 1995 നിയമസഭാ തിരഞ്ഞെടുപ്പിൽ 26 സീറ്റ് വരെ നേടിയിട്ടുണ്ട് സി.പി.ഐ. നിലവിൽ ഇരുപാർട്ടികൾക്കും നിയമസഭയിൽ പ്രതിനിധികളില്ല. 2015ലെ തിരഞ്ഞെടുപ്പിൽ ഇടതുകക്ഷികൾ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്.
ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ ഭാഗമായാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.എം എല്ലിന് 19, സി.പി.ഐക്ക് 6, സി.പി.എമ്മിന് 4 എന്നിങ്ങനെ 29 സീറ്റാണ് ഇടത് പാർട്ടികൾക്ക് ലഭിച്ചത്.
ഭിപൂതിപുർ, മട്ടിഹാനി, പിപ്ര, മാജി മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്. ബഖ്രി, തെഗ്ര, ബച്ച്വാഡ, ഹർലഖി, ജാൻജഹർപുർ, രുപൗളി മണ്ഡലങ്ങളാണ് സി.പി.ഐയുടേത്.
സി.പി.എമ്മും സി.പി.ഐയും നേരത്തെയും ആർ.ജെ.ഡിയെയും ലാലുപ്രസാദ് യാദവിനെയും പിന്തുണച്ചിട്ടുണ്ട്. സി.പി.എമ്മിൽ ഇതാദ്യമായാണ് സഖ്യത്തിന്റെ ഭാഗമാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുമായി എം.എൽ ധാരണയിലെത്തിയിരുന്നു.
മോദി കൊടുങ്കാറ്റ് വീശിയതിനിടയിലും ഈ നാലു സീറ്റിലാണ് പ്രതിപക്ഷം കാലുറപ്പിച്ച് നിന്നത്. നിലവിൽ മൂന്ന് എം.എൽ.എമാർ സി.പി.എം എല്ലിലുണ്ട്. പത്തിലേറെ സീറ്റ് ഇക്കുറി ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
 മഹാസഖ്യത്തിന് നേട്ടം
ഉപേന്ദ്രകുശ്വാഹയുടെ ആർ.എൽ.എസ്.പി, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം തുടങ്ങിയ പാർട്ടികൾ വിട്ടുപോയെങ്കിലും ഇടത് കക്ഷികളുടെ വരവ് മഹാസഖ്യത്തിന് നേട്ടമാകും. അതിനാലാണ് ഇടതുപക്ഷത്തിനായി കൂടുതൽ സീറ്റ് മാറ്റിവയ്ക്കാൻ മഹാസഖ്യം തയാറായത്. മൂന്നും കേഡർ പാർട്ടികളാണ്. തങ്ങളുടെ വോട്ട് പൂർണമായും സഖ്യത്തിലേക്ക് വഴിതിരിച്ചുവിടാൻ ഈ പാർട്ടികൾക്ക് കഴിയും. ഒപ്പം ബി.ജെ.പിയുമായി കടുത്ത ആശയവിയോജിപ്പുള്ളതിനാൽ മറുകണ്ടം ചാടില്ലെന്ന വിശ്വാസ്യതയും.
ആർ.ജെ.ഡി നേതാവും രാജ്യസഭാ എം.പിയുമായ മനോജ് ഝാ ആണ് സി.പി.എം.എല്ലിന് ഇത്രയും സീറ്റ് നേടിക്കൊടുത്തതെന്നാണ് രാഷ്ട്രീയ സംസാരം. എം.എല്ലിന്റെ വിദ്യാർത്ഥി സംഘടന ഐസയുടെ മുൻ നേതാവാണ് മനോജ് ഝാ. സി.പി.എമ്മിന് സംഘടനാശേഷിയുള്ള സമസ്തിപുരിലെ ചില മണ്ഡലങ്ങളടക്കം എം.എല്ലിന് പോയി.
ഇടതുപക്ഷം വന്നതോടെ മഹാസഖ്യത്തിന് കൂടുതൽ വിശ്വാസ്യത കൈവന്നിരിക്കുകയാണ്. പത്തുലക്ഷം തൊഴിൽ വാഗ്ദാനം തിരഞ്ഞെടുപ്പിനെ ഗതി നിർണയിക്കും. വിളകൾക്ക് ഉയർന്ന താങ്ങുവില, മിനിമം കൂലിനിരക്കുകളിൽ വർദ്ധന തുടങ്ങിയ സാധാരണക്കാരന്റെ വിഷയങ്ങൾ പ്രകടന പത്രികയിലുൾപ്പെടുത്താൻ ഇടതുപക്ഷത്തിന്റെ വരവ് സഹായിച്ചു.
-അരുൺ മിശ്ര, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം
തൊഴിലില്ലായ്മ അടക്കം ജാതിയെക്കാൾ വലിയ പ്രശ്‌നങ്ങളാണ് ഇക്കുറി തിരഞ്ഞെടുപ്പിലുയരുന്നത്. ഭരണവിരുദ്ധ വികാരം മാത്രമല്ല പ്രതിഫലിക്കുന്നത്. നിതീഷും മോദിയും ലോക്ക്ഡൗണും കൊവിഡ് പ്രതിസന്ധിയും കൈകാര്യം ചെയ്തതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്.
- കവിതാ കൃഷ്ണൻ, സി.പി.എം.എൽ പി.ബി അംഗം