
ഇതരഭാഷക്കാരെ ഇൻസ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് അമേരിക്കക്കാരി എലിസബത്ത് മേരി കെയ്റ്റ്. പഠിപ്പിക്കുന്നതോടൊപ്പം നല്ല പച്ചവെള്ളം പോലെ മലയാളം പറയുന്ന, മലയാളനാടിനെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഏലിക്കുട്ടിയുടെ വിശേഷങ്ങൾ കേരളപ്പിറവി ദിനത്തിൽ...
മലയാളഭാഷ പഠിക്കാനും പഠിപ്പിക്കാനുമായി ഒരു ഇംഗ്ലീഷുകാരി തന്റെ ജീവിതത്തിലെ നല്ല സമയം മുഴുവൻ മാറ്റിവച്ചിരിക്കുകയാണ്. ഇതര ഭാഷക്കാരെ ഇൻസ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് കേരളത്തിന്റെ ഈ മരുമകൾ. പഠിപ്പിക്കുക മാത്രമല്ല നല്ല പച്ചവെള്ളം പോലെ മലയാളം പറയുകയും ചെയ്യും. ''ഞാൻ ഒരു അമേരിക്കൻ പെണ്ണാണ്, മലയാളം പഠിക്കുകയാണ്, നമുക്ക് ഒന്നിച്ച് സംസാരിക്കാം."" എന്നാണ് എലിസബത്ത് മേരി കെയ്റ്റ് ഇൻസ്റ്റഗ്രാമിൽ തന്നെക്കുറിച്ച് വിവരിക്കുന്നത്. കേരളത്തോടും മലയാളത്തോടുമുള്ള എലിസബത്തിന്റെ സ്നേഹം ഏലിക്കുട്ടി (@eli.kutty ) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിറയുന്നു. രണ്ടു വർഷം പഴക്കമുള്ള അക്കൗണ്ടിൽ നടി പാർവതിയും എഴുത്തുകാരൻ മനു എസ്. പിള്ളയുമടക്കം ലക്ഷങ്ങളാണ് ഫോളോവേഴ്സ്.
കേരളത്തിന്റെ മരുമകൾ
കേരളത്തിനോടും മലയാളത്തിനോടും എലിസബത്തിനെ അടുപ്പിച്ചത് മലയാളിയായ ഭർത്താവാണ്. ജോർജിയക്കാരിയാണ് എലിസബത്ത്. ന്യൂമെക്സിക്കോയിൽ നിന്ന് അദ്ധ്യാപനത്തിൽ ബിരുദാനന്തര ബിരുദം നേടിയ എലിസബത്ത് നാല് വർഷത്തോളം ദുബായിയിലെ അജ്മാൻ അപ്ലൈഡ് ടെക്നോളജി ഹൈസ്ക്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. ഇംഗ്ലീഷിന് പുറമേ സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ ഭാഷകളും എലിസബത്തിന് വശമായിരുന്നു. ജോലിക്കായി ദുബായിൽ എത്തിയപ്പോൾ അറബി പഠിക്കാനുള്ള ശ്രമത്തിനിടെ യാദൃശ്ചികമായി പരിചയപ്പെട്ട മലയാളി സുഹൃത്തുക്കളിൽ നിന്നാണ് എലിസബത്ത് മലയാളത്തെ അറിഞ്ഞത്. ഇതിനിടയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൊച്ചിയിലെ കണ്ടനാട്ട് വീട്ടിൽ അർജുനുമായി പ്രണയത്തിലായി. ദുബായിയിലെ സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസറാണ് അർജുൻ. വീട്ടുകാർ ബന്ധത്തിന് പച്ചക്കൊടി കാട്ടിയതോടെ ഇരുവരും കല്യാണം കഴിച്ചു. അങ്ങനെയാണ് എലിസബത്ത് മലയാളത്തെയും കേരളത്തെയും സ്നേഹിച്ചു തുടങ്ങിയത്. പിന്നെ മലയാളം പഠിക്കണമെന്ന വാശിയായിരുന്നു. ആ ആവേശം കണ്ട് ഇൻസ്റ്റഗ്രാമിലെ മലയാളികളുടെ കണ്ണ് തള്ളുകയാണിപ്പോൾ.

മലയാളം എളുപ്പത്തിൽ പഠിക്കാം
ഓൺലൈനിലൂടെയാണ് പഠനം തുടങ്ങിയത്. എന്നാൽ ദുബായിയിൽ സ്കൈപ്പ് നിരോധിച്ചതോടെ ആ വഴി അടഞ്ഞു. ശേഷം ഓൺലൈൻ വഴി പാഠ്യവസ്തുക്കൾ അന്വേഷിച്ചു. എന്നാൽ ആവശ്യത്തിനുള്ള പഠനസാമഗ്രികൾ കിട്ടാൻ പ്രയാസമായിരുന്നു. പ്രോത്സാഹനവുമായി ഭർത്താവും വീട്ടുകാരും ഒപ്പം കൂടിയതോടെ എലിസബത്തിന്റെ പഠനം ആരംഭിച്ചു. പഠിച്ചെടുക്കാൻ ഏറ്റവും പ്രയാസമുള്ള ഭാഷയാണ് മലയാളം എന്നാണ് പൊതുവേ പറയാറെങ്കിലും ആ പ്രതിസന്ധിയെ എലിസബത്ത് മറികടന്നു. അതെങ്ങനെയെന്ന് അറിയണമെങ്കിൽ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയാൽ മാത്രം മതി. മലയാള അക്ഷരങ്ങൾ മനഃപാഠമാക്കാൻ ചിത്രങ്ങൾ വരച്ചു കുറിപ്പ് തയ്യാറാക്കുകയായിരുന്നു ആദ്യം ചെയ്തത്. ചിത്രങ്ങളെ അക്ഷരങ്ങളാക്കി പഠിച്ച രീതി മറ്റാർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതിയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവ ഷെയർ ചെയ്തത്. ഈ പോസ്റ്റുകൾക്ക് മികച്ച പ്രതികരണം ലഭിച്ചു. വാക്കുകളും ഉച്ചാരണങ്ങളും പഠിക്കാൻ ചിത്രങ്ങളുടെ സഹായത്തോടെ എലിസബത്ത് തയ്യാറാക്കുന്ന പോസ്റ്റുകൾക്ക് സാധിക്കുന്നുണ്ട്. അധികം വൈകാതെ സംഗതി വൈറലായി.
ഇൻസ്റ്റഗ്രാമിലൂടെ പാഠങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ മലയാളഭാഷയിൽ സഹായം ആവശ്യമുള്ള ഒരുപാട് പേരുണ്ടെന്ന് മനസിലായതായി എലിസബത്ത് പറയുന്നു. മലയാളികളെ വിവാഹം കഴിച്ച വിദേശികൾ, വിദേശത്തേക്ക് പോയതിനെ തുടർന്ന് മലയാളം മറന്ന് പോയവർ, മലയാളം അറിയാത്ത കുട്ടികളുടെ മാതാപിതാക്കൾ എന്നിവരാണ് എലിസബത്തിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

ഏലിക്കുട്ടി (@eli.kutty
ഗൂഗിളിൽ ഇൻസ്റ്റഗ്രാം വഴി മലയാള പഠനം എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ ആദ്യം എത്തുന്നത് എലിസബത്തിന്റെ ഏലിക്കുട്ടി (@eli.kutty എന്ന ഇൻസ്റ്റഗ്രാം പേജിലേക്കാണ്. നല്ല വടിവൊത്ത മലയാളം കൈയക്ഷരം. പല നിറങ്ങളിൽ വരച്ച് തയ്യാറാക്കിയ മലയാളം കുറിപ്പുകളാണ് ഈ പേജ് നിറയെ. ഉച്ചാരണം കൃത്യമാക്കാൻ തൊണ്ടയുടെയും ചുണ്ടിന്റെയും ചിത്രങ്ങൾ അക്ഷരങ്ങൾക്കൊപ്പം നൽകുന്നു. ഇതിനാൽ വളരെ എളുപ്പത്തിൽ മലയാളം പഠിക്കാൻ കഴിയുന്നു. ഒരു വർഷത്തിലേറെയായി എലിസബത്ത് മലയാളം പഠിപ്പിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ വീട്ടിലും മലയാളം തന്നെയാണ് സംസാരിക്കാറുള്ളത്.

സർവ്വം മലയാളം
ശ്രേഷ്ഠഭാഷയെന്ന കിരീടം ചൂടിയാണ് മലയാളം ഇന്ന് നിൽക്കുന്നതെന്ന് എലിസബത്ത് പറയുന്നു. എങ്കിലും ആ കിരീടത്തിന്റെ പ്രൗഢി നശിപ്പിക്കുന്ന പ്രവണത കൂടിവരുന്നതിലുള്ള അസ്വസ്ഥതയും അവർ മറച്ചു വച്ചില്ല. മലയാളത്തിൽ മാത്രമല്ല മറ്റ് പല ഭാഷകളിലും ഈ പ്രവണതയുണ്ട്. പലർക്കും സ്വന്തം ഭാഷ എഴുതാനോ വായിക്കാനോ അറിയില്ല. സംസ്ഥാനത്തിന് പുറത്ത് പോകുന്നവരുടെ കുട്ടികൾക്ക് ഭാഷ പഠിക്കാനുള്ള മാർഗങ്ങളുമില്ല. യൂടൂബിലോ ഓൺലൈനിലോ ഒന്നും മലയാളം പഠിക്കാൻ ആവശ്യമായ സാമഗ്രികൾ കിട്ടുന്നില്ല. ഇതോടെ പ്രവാസികളുടെ കുട്ടികൾക്ക് ഏറ്റവും വിഷമമുള്ള വിഷയങ്ങളിൽ ഒന്നായി മലയാളം മാറി.
''അടുത്തകാലം വരെ കേരളത്തിലെ വിദ്യാലയങ്ങളിൽ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കാൻ ശ്രമിച്ചിരുന്നില്ലെന്നാണ് അറിഞ്ഞത്. ചില വിദ്യാലയങ്ങളിൽ മലയാളം സംസാരിച്ചാൽ നിർബന്ധപൂർവം വിടുതൽ സർട്ടിഫിക്കറ്റ് നല്കിയിരുന്നുതായും കേൾക്കുന്നു. മാതൃഭാഷ സ്വയം പഠിക്കാൻ തയ്യാറായില്ലെങ്കിൽ നിർബന്ധിതമായി പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം അധികാരികൾക്കുണ്ട്. മാദ്ധ്യമങ്ങളുടെ ആധിക്യവും ആധിപത്യവും ഭാഷയുടെയും സംസ്കാരത്തിന്റെയും വളർച്ചയെ സഹായിക്കേണ്ടതാണ്. ഓരോ നാടിനും ഓരോ ഭാഷയുണ്ട്. ആ ഭാഷ ആ നാടിന്റെ, സംസ്കാരത്തിന്റെ പ്രതിനിധിയാണ്. വിദ്യാഭ്യാസം എന്നതിന്റെ ഒരേ ഒരു ലക്ഷ്യം സാമ്പത്തിക നേട്ടവും ജീവിത വിജയവുമാണെന്ന തെറ്റിദ്ധാരണയാലാവാം മാതൃഭാഷ വേണ്ട എന്നു തീരുമാനിച്ച് മറ്റുഭാഷകൾ പഠിക്കാൻ നാം കുട്ടികളെ നിർബന്ധിക്കുന്നത്. ഇംഗ്ലീഷ് പഠിക്കണം; എന്നാൽ, മലയാളത്തെ മറക്കരുത്." എലിസബത്തിന് മലയാളികളോട് പറയാനുള്ളത് ഇതാണ്.
മലയാള സിനിമയും ഭക്ഷണവുമൊക്കെ തന്നെയാണ് ഇപ്പോൾ എലിസബത്തിന് പ്രിയം. വെറുതേ കിട്ടുന്ന സമയങ്ങളിൽ കുട്ടികളുടെ പുസ്തകങ്ങൾ വായിക്കാനാണിഷ്ടം. യു.എ.ഇയിലെ തിയേറ്ററുകളിലെത്തുന്ന മലയാള സിനിമകൾ മുടങ്ങാതെ കാണും. ഭാഷ പഠിക്കാനുള്ള ഒരവസരവും വിട്ടുകളയില്ല. കേരള ഭക്ഷണത്തോടും എലിസബത്തിന് ഇഷ്ടമാണെന്ന് ഭർത്താവ് അർജുൻ പറയുന്നു. മാത്രമല്ല അത് പാചകം ചെയ്യുകയും കൈകൊണ്ട് കഴിക്കുകയും ചെയ്യും.