
കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവന്നു
ന്യൂഡൽഹി: ഡൽഹിയിലും പരിസരമേഖലയിലും അന്തരീക്ഷ മലിനീകരണത്തിടയാക്കുന്ന പ്രവൃത്തികൾ ചെയ്താൽ ഒരു കോടി രൂപ വരെ പിഴയും അഞ്ചു വർഷം വരെ തടവു ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് നിലവിൽ വന്നു. രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ ബുധനാഴ്ച രാത്രിയാണ് ഓർഡിനൻസ് ഇറക്കിയത്.
ഡൽഹിയിൽ ഏതാനും വർഷങ്ങളായി ഒക്‌ടോബർ മുതൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായത് കണക്കിലെടുത്താണിത്. മലിനീകരണത്തിനുള്ള കാരണങ്ങൾ കണ്ടെത്തി വായു ഗുണനിലവാരം ഉറപ്പു വരുത്താനും ആവശ്യമായ ഗവേഷണവും മറ്റും നടത്താനുമുള്ള ദൗത്യങ്ങളോടെ 20 അംഗ കമ്മിഷൻ രൂപീകരിക്കാൻ ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. അയൽ സംസ്ഥാനങ്ങളിൽ വയലുകളിൽ വയ്‌ക്കോൽ കത്തിക്കൽ, വാഹനപ്പുക, പൊടി തുടങ്ങി ഡൽഹിയിലെ വായു ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങൾ പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കലാണ് പ്രധാന ചുതമല.
അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളും കമ്മിഷന്റെ അധികാര പരിധിയിലാണ്. കമ്മിഷന്റെ ഉത്തരവുകൾ ദേശീയ ഹരിത ട്രൈബ്യൂണലിൽ മാത്രമേ ചോദ്യം ചെയ്യാനാകൂ.
കമ്മിഷൻ നിലവിൽ വരുന്നതോടെ ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് 22 വർഷംമുമ്പ് സുപ്രീംകോടതി നിയോഗിച്ച ഇ.പി.സി.എ (എൻവിയോമെന്റ് പൊലൂഷൻ, പ്രിവൻഷൻ ആന്റ് കൺട്രോൾ) ഇല്ലാതാകും. ഡൽഹിയിൽ മലിനീകരണം കുറയ്‌ക്കാൻ സി.എൻ.ജി ഇന്ധനം നിർബന്ധമാക്കിയതും വ്യവസായങ്ങളിൽ പെറ്റ്കോക്ക്, ഫർണസ് ഓയിൽ എന്നിവ നിരോധിച്ചതും ഇ.പി.സി.എ ഇടപെടൽ വഴിയാണ്.
കമ്മിഷൻ
കേന്ദ്ര സെക്രട്ടറി അല്ലെങ്കിൽ സംസ്ഥാന ചീഫ് സെക്രട്ടറി റാങ്കിലുള്ള അദ്ധ്യക്ഷൻ.
അദ്ധ്യക്ഷന് മൂന്നു വർഷം അല്ലെങ്കിൽ 70 വയസ് തികയും വരെ പദവിയിൽ തുടരാം.
അദ്ധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അദ്ധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതി.
കമ്മിഷനിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധൻ, നീതി ആയോഗ്, ഗതാഗതം, നഗരകാര്യം, പെട്രോളിയം പ്രകൃതവാതകം മന്ത്രാലയങ്ങളിലെയും ശാസ്‌ത്ര സങ്കേതിക, സന്നദ്ധ സംഘടനകളിലെയും പ്രതിനിധികളും ഡൽഹി, പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അംഗങ്ങളാകും.
കാർ ഉപേക്ഷിച്ച് സൈക്കിളെടുക്കൂ: സുപ്രീംകോടതി
രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിന് കാരണം വയ്‌ക്കോൽ കത്തിക്കൽ മാത്രമല്ലെന്നും ആഡംബരകാറുകൾ ഉപേക്ഷിച്ച് സൈക്കിളിൽ യാത്രചെയ്യാൻ ശീലിക്കണമെന്നും സുപ്രീംകോടതി. ഡൽഹി എൻ.സി.ആർ മേഖലകളിലെ മലിനീകരണം നിയന്ത്രിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പരാമർശം നടത്തിയത്.
മലിനീകരണം മൂലം ആർക്കും ജീവഹാനിയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ ഹർജിക്കാർക്ക് ആരോഗ്യപ്രശ്‌നമുണ്ടായി ഹാജരാകാൻ കഴിയാതെ വന്നാൽ അതിന് പൂർണ ഉത്തരവാദി സർക്കാരാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മലിനീകരണം എങ്ങനെ ഇല്ലാതെയാക്കാമെന്ന് പഠിക്കാൻ ജസ്റ്റിസ് ലോക്കൂർ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ് സുപ്രീംകോടതി.