
പാറ്റ്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സാഹചര്യം മഹാസഖ്യത്തിന് അനുകൂലമാണെന്നും, അതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം പോലുള്ള വൈകാരിക വിഷയങ്ങൾ പ്രചാരണത്തിൽ ഉന്നയിക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ ആവേശമാണ്. മോദിയുടെ വാഗ്ദാനങ്ങൾ അവർ വിശ്വസിച്ചിട്ടില്ല. മഹാസഖ്യത്തിൽ ഇടതുപക്ഷത്തിന് നിർണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം പാറ്റ്‌നയിൽ കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
? ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ
*മഹാസഖ്യത്തിന് വളരെ അനുകൂലമാണ് പ്രതികരണങ്ങൾ. മോദിയും നിതീഷും പ്രതിരോധത്തിലാണ്. പഴയ ജംഗിൾരാജ് പ്രയോഗത്തിലൂടെ അവർ 15 വർഷം പിന്നിലേക്കാണ് പോകുന്നത്. പുതിയ തലമുറയ്ക്ക് ആ കാലം പരിചിതമല്ല. നമ്പർ വൺ ജംഗിൾരാജ് ബീഹാറിന്റെ അയൽവക്കത്തുണ്ട് -യു.പി. എന്തുതരം രാജാണ് അവിടെ? ദളിത് വിരുദ്ധ, വനിതാ വിരുദ്ധ, പിന്നാക്ക വിരുദ്ധ, വർഗീയ ഭരണമാണ് യോഗിആദിത്യനാഥിന്റേത്.
? മഹാസഖ്യത്തിന്റെ സാദ്ധ്യത
*ഈ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ആവേശകരമാണ്. എല്ലാ വർഷവും രണ്ടു കോടി പുതിയ തൊഴിലാണ് മോദി വാഗ്ദാനം ചെയ്തത്. അതുപ്രകാരം ഇപ്പോൾ 12 കോടി തൊഴിലുണ്ടാവണം. സംഭവിച്ചതെന്താണ് ? നോട്ടുനിരോധനം, ജി.എസ്.ടി, ലോക് ഡൗൺ. 15 കോടിയിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.ലോക് ഡൗണിൽ കുടിയേറ്റ തൊഴിലാളികൾ കൂടുതലായി മടങ്ങിയെത്തിയ ബീഹാറിലെ പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയിലും മോദി , നിതീഷ് സർക്കാരുകളോട് തൊഴിലാളികൾക്ക് അതൃപ്തിയുണ്ട്.തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങളും കൂലിയും വർദ്ധിപ്പിക്കുമെന്ന മോദിയുടെ വാഗ്ദാനവും എങ്ങുമെത്തിയില്ല. കുടിയേറ്റ തൊഴിലാളികൾക്കായുള്ള നിയമം ശക്തിപ്പെടുത്താൻ ഇടത് പാർട്ടികൾ സമരങ്ങൾ നടത്തി. ആ നിയമം തന്നെ മോദി സർക്കാർ ഇല്ലാതാക്കി. പുതിയ കർഷക നിയമത്തോടെ താങ്ങുവില സമ്പ്രദായം അട്ടിമറിക്കപ്പെട്ടു.
? മഹാസഖ്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി?
* 29 സീറ്റിൽ മൂന്ന് ഇടതുപാർട്ടികൾ മത്സരിക്കുന്നു.മഹാസഖ്യത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം സഹായകമായിട്ടുണ്ട്. ഇത് ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. . ജാതി വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് പ്രചാരണം തിരിച്ചുവിടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. ന്യൂനപക്ഷങ്ങൾ, ദളിതർ, പിന്നാക്കക്കാർ, സ്ത്രീകൾ, ആദിവാസികൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒപ്പം നിറുത്താൻ സഖ്യത്തിനാകുന്നുണ്ട്. ജാതിയല്ല ഈ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം. തൊഴിലില്ലായ്മയാണ്. മോദിയും നിതീഷും രാമക്ഷേത്രവും കാശ്മീരും ജംഗിൾരാജും പറഞ്ഞ് വിഷയം മാറ്റാൻ ശ്രമിക്കുകയാണ്.
? എസ്.പി, ബി.എസ്.പി തുടങ്ങിയ പാർട്ടികളുടെ മൂന്നാംമുന്നണി വോട്ടുകൾ ഭിന്നിപ്പിക്കുമോ
*വോട്ടു ഭിന്നിച്ചേക്കാം. ഒരു ഭാഗത്ത് മാത്രമാവില്ല വിള്ളൽ. ജാതിയടിസ്ഥാനത്തിലാണ് വോട്ടുപിടിക്കുന്നതെങ്കിൽ എൻ.ഡി.എയുടെ വോട്ടും ഭിന്നിക്കപ്പെടും.
? ബീഹാറിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവാകുമോ ഇത്
* സംസ്ഥാനത്ത് ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടും. ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് ഇടതുപക്ഷമുണ്ടെന്ന് ജനങ്ങൾക്കറിയാം. .
? പ്രതിപക്ഷ മഹാസഖ്യം ദേശീയതലത്തിലും
*വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റിനിറുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. ബീഹാറിൽ ഹാസഖ്യത്തിന്റെ ഭാഗമായത്. തമിഴ്നാട്ടിൽ ഡി.എം.കെയുമായി സഖ്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സാഹചര്യങ്ങൾ നോക്കി തീരുമാനമെടുക്കും.