bihar

വിദ്യാബാലന്റെ പരസ്യം ഓർമയില്ലേ? വധുവിന്റെ തട്ടമൊന്നു നീങ്ങിയപ്പോഴേയ്ക്കും കുറ്റപ്പെടുത്തുന്നവർക്ക് മുന്നിൽ വരന്റെ വീ‌ട്ടിൽ ശൗചാലയമില്ലേയെന്നു ചോദിക്കുന്നു വിദ്യ. ഒരു വശത്ത് മരുമകളുടെ തട്ടമൊന്നു നീങ്ങിയാൽ അത് അംഗീകരിക്കുകയേയില്ല മറുവശത്ത് പ്രാഥമിക കർമത്തിനായി അവളെ വെളിമ്പ്രദേശത്ത് വിടുന്നു എന്ന് തുടരുന്നു പരസ്യം.

ഇനി നമുക്ക് ബിഹാറിലേക്ക് പോകാം. അവിടെ ബദർപൂർ ജില്ലയിലെ താജ്പൂർ പഹാരി ഗ്രാമത്തിലെ കൗശല്യയെ പരിചയപ്പെട്ടാം. കൗശല്യയുടെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. കൗശല്യയുടെതെന്നല്ല ആ ഗ്രാമത്തിലെ സാധാരണക്കാരായ പിന്നാക്ക സമുദായക്കാരായ എല്ലാവരുടെയും ദിവസം പുലർച്ചെ അഞ്ച് മണിക്ക് മുൻപ് ആരംഭിക്കും. കാരണം സൂര്യനുണർന്നശേഷം എഴുന്നേറ്റാൽ പിന്നെ വെളിക്കിറങ്ങാൻ പറ്റില്ലെന്നത് തന്നെ. അല്ലെങ്കിൽ വൈകിട്ട് ഏഴ് മണിവരെ കാത്തിരിക്കേണ്ടി വരും. ബി.ജെ.പി. സർക്കാർ 2019 ഒക്ടോബർ രണ്ടിന് 150ാം ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യയെ സമ്പൂർണ വെളിയിട വിസർജ്ജന വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. കക്കൂസ് ഇല്ലാത്ത 60 കോടി ജനങ്ങൾക്ക് 60 മാസം കൊണ്ട് 11 കോടി കക്കൂസുകൾ നിർമ്മിച്ചു നൽകിയെന്നും പ്രഖ്യാപിച്ചിരുന്നു. ഇത് പൊള്ളയായ പ്രഖ്യാപനം മാത്രമായിരുന്നെന്ന് , പുലർച്ചെ ഒരു ചെമ്പ് വെള്ളവുമായി കാട് കയറേണ്ടിവരുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, യു.പി. തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണർ പറയുന്നു.

കണക്ക് കൂട്ടലിൽ പിശക്

രാജ്യത്തെ ഗ്രാമീണ മേഖലകളിൽ 95 ശതമാനം വീടുകളിലും കക്കൂസുകൾ ആയെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ) സർവേ കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. സർവേയിൽ 71 ശതമാനം വീടുകളിൽ മാത്രമാണ് കക്കൂസുകൾ എത്തിയതെന്നു പറയുന്നു. ജാർഖണ്ഡിലെ ഗ്രാമീണ മേഖലയിൽ ആകെ 42 ശതമാനത്തിൽ മാത്രമാണ് കക്കൂസുകളെത്തിയത്. തമിഴ്‌നാട്ടിലാവട്ടെ അത് 37 ശതമാനമാണ്. രാജസ്ഥാനിൽ 34 ഉം. 2017ൽ വെളിയിട വിസർജന വിമുക്തമായി പ്രഖ്യാപിച്ച ഗുജറാത്തിൽ കാൽഭാഗം വീടുകളിൽ കക്കൂസുകളില്ല. കർണാടകയിൽ 30 ശതമാനം, മദ്ധ്യപ്രദേശിൽ 29 ശതമാനം, ആന്ധ്രാപ്രദേശിൽ 22, മഹാരാഷ്ട്രയിൽ 22 എന്നിങ്ങനെയാണ് ബാക്കി കണക്കുകൾ. രാജ്യത്ത് 28.7 ശതമാനം വീടുകളിലും കക്കൂസുകൾ ലഭിക്കാനുണ്ടെന്നാണ് എൻ.എസ്.ഒ പറയുന്നത്. സർവേയിൽ പറയുന്ന മറ്റൊരു വെല്ലുവിളി മാലിന്യ നിർമാർജനമാണ്. ഗ്രാമീണ മേഖലയിലെ വീടുകളിലുള്ള അമ്പതു ശതമാനത്തോളം കക്കൂസുകൾക്ക് മാത്രമാണ് സെപ്റ്റിക് ടാങ്കുകൾ ഉള്ളതെന്നും 21 ശതമാനത്തിന് ഒരു കുഴി മാത്രമാണുള്ളതെന്നും സർവേയിൽ പറയുന്നു.

പലയിടത്തും സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കക്കൂസുകൾ ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നില്ലെന്ന പരാതികളുമുണ്ട്. ഉത്തർപ്രദേശിലെ മോദഹ ഗ്രാമത്തിൽ കാവിനിറം പൂശിയ കക്കൂസ് കെട്ടിടം, ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് ഒരു വർഷത്തോളം ആരാധന നടത്തിയ സംഭവം വരെ 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കാവിനിറത്തിൽ, കണ്ടാൽ ക്ഷേത്രമെന്നു തോന്നുന്ന കെട്ടിടം. അത് ക്ഷേത്രമാണെന്ന് നാട്ടുകാർ വിചാരിച്ചു. അത് സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാൻ പോലും അവർ മെനക്കെട്ടില്ല. പുറത്ത് പൂജ തുടങ്ങി. പ്രതിഷ്ഠ കെട്ടിടത്തിനകത്താണെന്നു കരുതി പ്രാർത്ഥനയും വഴിപാടും പരാതി പ്രവാഹവും. ഒടുവിൽ ആരോഗ്യകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ കെട്ടിടത്തിന്റെ സത്യാവസ്ഥ പറഞ്ഞപ്പോഴാണ് ഇത്രയും കാലം തങ്ങൾ പ്രാർത്ഥിച്ചത് കക്കൂസിന് മുന്നിലാണെന്ന് മനസിലായത് ! പൂജ അവസാനിപ്പിച്ചിട്ടും കക്കൂസ് തുറന്നില്ലെന്നത് മറ്റൊരു വസ്തുത.

വീടില്ലാത്തവർക്ക് എന്ത് കക്കൂസ് ?

ഇന്ത്യയിൽ 90 ലക്ഷം ജനങ്ങൾ തെരുവിലുറങ്ങുന്നുവെന്ന് സഫായി കർമചാരി ആന്തോളൻ പ്രവർത്തകൻ ബേസ്‌വാഡ വിൽസൺ പറയുന്നു. അവർക്ക് എവിടെയാണ് കക്കൂസുകൾ നിർമ്മിച്ച് നൽകിയതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വീടില്ലാത്തവരെ,​ തെരുവിലുറങ്ങുന്നവരെ ഈ രാജ്യത്തെ പൗരന്മാരായി കണക്കാക്കാത്ത സമീപനമാണ് അധികാരികൾക്കുള്ളത്.

1,17,000 കുട്ടികളെ

പ്രതിവർഷം കൊല്ലുന്നു

രാജ്യത്തെ തുറസായ സ്ഥലത്തെ മലവിസർജനം രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അഞ്ച് വയസിന് താഴെയുള്ള 1,17,000 കുട്ടികൾ പ്രതിവർഷം അതിസാരമടക്കം,​ മാലിന്യം കാരണമായുള്ള ആരോഗ്യപ്രശ്നങ്ങളാൽ ഇന്ത്യയിൽ മരിക്കുന്നതായി ലോകാരാഗ്യ സംഘടന പറയുന്നു. 2016ലെ കണക്കുകൾ പ്രകാരം അഞ്ച് വയസിന് താഴെയുള്ള രാജ്യത്തെ 39 ശതമാനം കുട്ടികൾക്കും വളർച്ചക്കുറവ് നേരിടുന്നു.

പീഡനം

സ്ത്രീകളാണ് തുറസായ സ്ഥലങ്ങളിൽ വിസർജനം നടത്തുന്നതു കൊണ്ട് ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നത്. പുല‌ർച്ചെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി പോയ സ്ത്രീയെ അല്ലെങ്കിൽ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന വാർത്തകൾ ഉത്തരേന്ത്യയിൽ സർവ സാധാരണമാണ്. ഇരുട്ടിൽ ആവശ്യങ്ങൾ നിറവേറ്റാൻ മറതേടി പോകുന്ന സ്ത്രീകളെ ഉപദ്രവിക്കാൻ അക്രമികളും ഒളിഞ്ഞിരിക്കുന്നു. ആർത്തവം അടക്കമുള്ളവ നേരിടേണ്ടിവരുമ്പോൾ ആരോഗ്യപ്രശ്‌നങ്ങളും ഒട്ടൊന്നുമല്ല ഈ സ്ത്രീകളെ വലയ്‌ക്കുന്നത്. ഏകദേശം 60 ശതമാനം സ്ത്രീകളും അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുവെന്ന് ബയോ - മിഡ് സെൻട്രൽ ജേർണൽ കഴിഞ്ഞ വർഷം പുറത്ത് വിട്ട സർവേയിൽ മറയുന്നു.

മാറാത്ത സംസ്‌കാരങ്ങൾ

പല ഗ്രാമത്തിലും കക്കൂസുകൾ ഇല്ലെന്ന പരാതിയ്‌‌ക്കിടെ കക്കൂസുണ്ടെങ്കിലും അത് ഉപയോഗിക്കാൻ മടിക്കുന്നവരും ഇന്ത്യയിൽ കുറവല്ല. സർക്കാർ കക്കൂസുകൾ കെട്ടിനൽകിയിട്ടും അത് ഉപയോഗിക്കാത്ത 3.5 ശതമാനം ജനങ്ങൾ രാജ്യത്തുണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. സിക്കിമിൽ അത് 0.5 ശതമാനമാണെങ്കിൽ ഢാർഖണ്ഡിൽ അത് 9.6 ശതമാനമാണ്. പലരും വിറകുപുരയായിട്ടും കാലിത്തൊഴുത്തായും കോഴിക്കൂടായും കക്കൂസ് ഉപയോഗിക്കുന്നവരുണ്ട് നമ്മുടെ രാജ്യത്ത്. മാത്രമല്ല, കുടിക്കാനായി കിലോമീറ്ററുകൾ നടന്ന് ശേഖരിക്കുന്ന വെള്ളം എങ്ങനെ കക്കൂസിലൊഴിച്ച് കളയുമെന്നത് മറ്റൊരു പ്രശ്നം!

കുട്ടിക്കാലത്തെ ശീലങ്ങൾ മാറ്രാനുള്ള മടിയും സംസ്കാരമെന്ന പേരിൽ ചുമക്കുന്ന ചില മാമൂലുകളുമാണ് ഇതിന് ആധാരം. ''വീട്ടിനുള്ളിൽ കാര്യം സാധിക്ക്യേ?'' എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചിന്താഗതി വേറെ. ഭൂമിയിൽ ജനങ്ങൾ കുറച്ചും തരിശ് ഭൂമി അധികവുമുണ്ടാകുന്ന കാലത്ത് ശീലിച്ച സംസ്കാരങ്ങൾ മനുഷ്യർ കൂടുതലും ഭൂമി തുലോ തുച്ഛവുമുള്ള കാലത്തും ആചരിക്കുന്നതാണ് പ്രശ്നം. ബോധവത്കരണമല്ലാതെ മറ്റ് വഴിയില്ലെന്നതാണ് സത്യം. സ്വാതന്ത്ര്യലബ്‌ധിയോളം തന്നെ വലുതാണ് രാജ്യത്തെ വെളിയിട വിസർജന വിമുക്തമാക്കി മാറ്റേണ്ടതെന്ന് പറഞ്ഞ മഹാത്മാവിന്റെ രാജ്യത്താണ് ഈ അവസ്ഥ.