phone-calls

ന്യൂഡൽഹി: ഫോൺ റിംഗ് ചെയ്യും. എടുത്താൽ അങ്ങേ തലയ്ക്കലിൽ നിന്ന് കേൾക്കുക ശ്വാസമെടുക്കുന്ന ശബ്ദം മാത്രം. ഫോൺ വിളിച്ചയാൾ മിണ്ടില്ല. ചൈൽഡ് ലൈന്റെ '1098' നമ്പറിലേക്ക് ഇത്തരം ' നിശബ്ദമായ' ഫോൺവിളികൾ സുപരിചിതമാണ്. 2018ൽ മുതലുള്ള കണക്കെടുത്താൽ എത്തിയ ആകെ ഫോൺ കോളുകളിൽ 40 ശതമാനവും ഇത്തരം നിശബ്ദ കോളുകളായിരുന്നു.

രാജ്യത്തെ 595 ജില്ലകളും 135 റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടുത്തി 24 മണിക്കൂറും കുട്ടികളെ സഹായിക്കാനായി പ്രവ‌ർത്തിക്കുന്നതാണ് ചൈൽഡ് ലൈനുകൾ. 2018 ജനുവരി മുതൽ 2020 സെപ്തംബർ വരെ ആകെ 2.15 കോടി ഫോൺവിളികൾ ചൈൽഡ് ലൈനിലെത്തി. അതിൽ 86 ലക്ഷം വിളികളും നിശബ്ദമായിരുന്നു. ഇതിൽ അഞ്ച് ശതമാനത്തിൽ താഴെ പരീക്ഷണ വിളികളാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട സഹായത്തിന് വിളിക്കൂവെന്നുള്ള പരസ്യം കാണുമ്പോഴുണ്ടാകുന്ന സ്വതസിദ്ധമായ കൗതുകത്തിൽ നിന്നുണ്ടാകുന്ന വിളികൾ.

എന്നാൽ ബാക്കിയുള്ള തൊണ്ണൂറ്റിയഞ്ച് ശതമാനം വിളികളും ആവശ്യക്കാരിൽ നിന്നാണ്. എന്നാൽ ആരെയോ പേടിച്ച് അടക്കം സ്വയം അടക്കുകയാണ് ആ ശബ്ദങ്ങൾ. തുടരെ ഒരേ നമ്പറിൽ നിന്ന് 100 തവണ നിശബ്ദ കോളുകൾ വന്ന ചരിത്രം വരെയുണ്ട് ചൈൽഡ് ലൈനിന്. ഇത്തരം കോളുകൾ പ്രവ‌ർത്തകർ കട്ട് ചെയ്യാറില്ല. വിളിച്ചയാൾ സ്വയം കട്ട് ചെയ്യും വരെ കാത്തുനിൽക്കും. വീണ്ടും വിളിച്ചാലും എടുക്കും. നൂറ് തവണ വിളിച്ച് മിണ്ടാതെയിരുന്നാലും 101 ാം തവണ സഹായം ചോദിക്കാനുള്ള മനശക്തിയുണ്ടായാലോ?.

വർഷം കഴിയുന്തോറും നിശബ്ദ വിളികളുടെ എണ്ണം കുറയുന്നതായി അധികൃതർ പറയുന്നു. ചൈൽഡ് ലൈനിലുള്ള വിശ്വാസം കൊണ്ടാകാം കൂടുതൽ തുറന്നു പറച്ചിലുകൾ സാദ്ധ്യമാകുന്നത്.

നിശബ്ദ നിലവിളികൾ

 2018 - 1.1 കോടി ഫോൺകോളുകൾ - 42 ലക്ഷം നിശബ്ദം

 2019- 69 ലക്ഷം - 27 ലക്ഷം

 2020 - 43 ലക്ഷം ------------------------------ 16 ലക്ഷം.