
ന്യൂഡൽഹി:കൊവിഡ് വാക്സിന്റെ സുഗമമായ വിതരണത്തിനും ഏകോപനത്തിനും കമ്മിറ്റികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി .
വാക്സിൻ വിപണിയിലെത്തിയാൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉണ്ടാകാനിടയുള്ള വ്യാജ പ്രചരണങ്ങൾ തടയുന്നതിന് കൃത്യമായ പദ്ധതി തയാറാക്കാമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം .ഒരു വർഷത്തിനുള്ളിൽ കൊവിഡ് വാക്സിന്റെ വിതരണം സാദ്ധ്യമാകുമെന്നാണ് കണക്ക് കൂട്ടൽ. ആദ്യം വാക്സിൻ ആരോഗ്യപ്രവർത്തകർക്കാവും ആദ്യം നൽകുക. സംസ്ഥാനങ്ങളിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റിയറിംഗ് കമ്മിറ്റിയും, അഡി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന ടാസ്ക് ഫോഴ്സും ,ജില്ലാ മജിസ്ട്രേറ്റ് അദ്ധ്യക്ഷനായ ജില്ലാ ടാസ്ക് ഫോഴ്സും രൂപീകരിക്കണം. സ്റ്റിയറിംഗ് കമ്മിറ്റി മാസത്തിലൊരിക്കലും ടാസ്ക് ഫോഴ്സ് രണ്ടാഴ്ചയിലൊരിക്കലും ജില്ലാ ടാസ്ക് ഫോഴ്സ് ആഴ്ചയിലൊരിക്കലും സ്ഥിതിഗതികൾ വിലയിരുത്തണം