
ന്യൂഡൽഹി:ജമ്മുകാശ്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് അവിടുത്തെ മന്ത്രി വെളിപ്പെടുത്തിയ പശ്‌ചാത്തലത്തിൽ കോൺഗ്രസ് രാജ്യത്തോട് മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. 2019ൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന ഭീകരാക്രമണം ബി.ജെ.പിക്ക് ഗുണമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയാണ് ബി.ജെ.പി ആയുധമാക്കുന്നത്.
രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച കോൺഗ്രസും രാഹുൽ ഗാന്ധിയും മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി വക്താവുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു. ജനവിരുദ്ധമായ കാര്യങ്ങളാണ് കോൺഗ്രസ് പറയുന്നത്. സൈനികരെ അവിശ്വസിക്കുന്ന പതിവ് മറ്റൊരു രാജ്യത്തുമില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുൽവാമാ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ബി.ജെ.പിക്ക് പ്രയോജനം ലഭിച്ചെന്ന പ്രസ്താവന രാഹുൽ നടത്തിയത്.
പുൽവാമാ സംഭവം ഇന്ത്യയ്‌ക്ക് അവരുടെ സ്ഥലത്ത് പാകിസ്ഥാൻ നൽകിയ പ്രഹരമാണെന്നാണ് പാക് മന്ത്രി ഫവാദ് ചൗധരി പാർലമെന്റിൽ പറഞ്ഞത്. വിവാദമായതോടെ തന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് പറഞ്ഞ് മന്ത്രി മലക്കം മറിഞ്ഞു. പുൽവാമാ ആക്രമണത്തിന് തിരിച്ചടിയായി നടത്തിയ വ്യോമാക്രമണത്തിനിടെ പിടിയിലായ വൈമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ ഇന്ത്യ ആക്രമിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമുദ് ഖുറേഷി അവിടത്തെ സേനാമേധാവി ജനറൽ ക്വാമർ ജാവേദ് ബജ്‌വയോട് പറഞ്ഞെന്ന വിവരവും കഴിഞ്ഞ ദിവസം പാകിസ്ഥാൻ എം.പി പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു.