suprem-court

ന്യൂഡൽഹി: വധശിക്ഷ സ്റ്റേ ചെയ്യുന്നതിനിടെ പ്രതിയെ രാക്ഷസനോട് ഉപമിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. 2019 മേയിൽ സുഹൃത്തിനെ കൊന്നശേഷം വയറ് കീറി ആന്തരികാവയവങ്ങൾ നീക്കം ചെയ്ത കേസിൽ രാജസ്ഥാൻ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ച മോഹൻ സിംഗിന്റെ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നടുക്കം രേഖപ്പെടുത്തിയത്.

'ഇത്തരമൊരു കേസ് ഇതുവരെ പരിഗണിച്ചിട്ടില്ല. നിങ്ങളുടെ പ്രതി രാക്ഷസനാണോ? ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത കുറ്റമാണ് പ്രതി ചെയ്തത്. വയറ്കീറി ആന്തരികാവയവങ്ങൾ നീക്കം ചെയ്ത ശേഷം വയറ്റിൽ പഴയ വസ്ത്രങ്ങൾ നിക്ഷേപിക്കാൻ പ്രതി എന്താ ഡോക്ടറാണോ? '' എന്ന് ബോബ്ഡെ, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമ്യം എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

വധശിക്ഷ സ്റ്രേ ചെയ്ത കോടതി കേസ് സംബന്ധിച്ച വിശദ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചു. 2019 മേയിൽ യുവതിയുടെ മൃതദേഹം കയറ് കൊണ്ട് കെട്ടിയ നിലയിൽ ബാഗിനുള്ളിലാണ് കണ്ടെത്തിയത്. കരൾ അടക്കം പല അവയവങ്ങളും മൃതശരീരത്തിലുണ്ടായിരുന്നില്ല. മോഹൻ സിംഗ് നേരത്തെയും പലകേസുകളിൽ പ്രതിയാണ്. പ്രതിയെ ഒമ്പത് മാസത്തുള്ളിൽ തൂക്കികൊല്ലാനാണ് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചത്.