cic

ന്യൂഡൽഹി: മുഖ്യ വിവരാവകാശ കമ്മിഷണറായി (സി.ഐ.സി) മുൻ ഐ.എഫ്.എസ് ഓഫീസർ യശ്‌വർദ്ധൻ കുമാർ സിൻഹയെയും വിവരാവകാശ കമ്മിഷറണായി മാദ്ധ്യമ പ്രവർത്തകൻ ഉദയ് മഹൂർക്കറിനെയും നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം എതിർത്ത് കോൺഗ്രസ്. ശ്രീലങ്കയിലും യു.കെയിലും ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിട്ടുള്ള സിൻഹ നിലവിൽ വിവരാവകാശ കമ്മിഷണറാണ്.

വിവരാവകാശ കമ്മിഷനിലെ അഞ്ച് കമ്മിഷണർമാരിൽ സീനിയർ ആയ വൻജൻ സർണയ്‌ക്ക് ലഭിക്കേണ്ട പദവിയാണ് സിൻഹയ്‌ക്ക് നൽകുന്നതെന്ന് സി.ഐ.സിയെ തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാനലിൽ അംഗമായ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. കൂടാതെ സിൻഹയ്‌ക്ക് സി.ഐ.സിക്ക് വേണ്ട യോഗ്യതകളില്ലെന്നും പൊതുരംഗത്തും മനുഷ്യാവകാശം, നിയമം തുടങ്ങിയ മേഖലകളിൽ അനുഭവസമ്പത്തില്ലെന്നുമാണ് ചൗധരിയുടെ വാദം.

വിവരാവകാശ കമ്മിഷറണായി നിയമിക്കാൻ പോകുന്ന മാദ്ധ്യമ പ്രവർത്തകൻ ഉദയ് മഹൂർക്കർ മോദിയെക്കുറിച്ച് പുസ്‌തകമെഴുതിയ ആളാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം നോക്കി ആകാശത്തു നിന്ന് കെട്ടിയിറക്കിയതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മഹൂർക്കർ വിവരാവകാശ കമ്മിഷണറാകാൻ അപേക്ഷിച്ചിട്ടില്ലായിരുന്നു. 355 അപേക്ഷകരെ തഴഞ്ഞാണ് മഹൂർക്കറിനെ നിയമിക്കുന്നതെന്നും ആദിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടുന്നു.

സിൻഹ സി.ഐ.സിയായി നിയമിതനാകുന്ന ഒഴിവിൽ വിവരാവകാശ കമ്മിഷണറായി ഡെപ്യൂട്ടി സി.എ.ജി സരോജ് പുൻഹാനിയെയാണ് പരിഗണിക്കുന്നത്.