bihar-election

പാട്ന: ബീഹാറിൽ എൻ.ഡി.എയ്ക്കും മഹാസഖ്യത്തിനും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ കിംഗ് മേക്കർ ആരാകും? ഉപേന്ദ്രകുശ്‌വാഹയോ, പപ്പുയാദവോ?...

2019ൽ പത്തുസീറ്റുമായി ഹരിയാനയിൽ ഉപമുഖ്യമന്ത്രി പദത്തിലേറിയ ദുഷ്യന്ത് ചൗട്ടാലയെ പോലെ, 2018ൽ കർണാടകയിൽ കുമാരസ്വാമി കിംഗ് മേക്കറായതുപോലെ, കുശ്‌വാഹയും പപ്പുയാദവും സ്വപ്നം കാണുകയാണ്.

കുശ്‌വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയും പപ്പു യാദവിന്റെ നാലാം മുന്നണിയും ഭരണവിരുദ്ധ വോട്ടുകളും ജാതി വോട്ടുകളും ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുമോയെന്ന ആകാംക്ഷ ബീഹാറിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. ഇരു മുന്നണികളും തങ്ങളെ ബാധിക്കില്ലെന്ന് മഹാസഖ്യം നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും വോട്ടിൽ ചെറിയതോതിൽ വിള്ളലുണ്ടാകുമെന്ന് അവർ സമ്മതിക്കുന്നു. പ്രതിപക്ഷ വോട്ട് ഭിന്നിക്കുമെന്ന പ്രതീക്ഷ എൻ.ഡി.എ നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്.

 മഹാജനാധിപത്യ മതേതര മുന്നണി

മുൻകേന്ദ്രമന്ത്രിയും ആർ.എൽ.എസ്.പി നേതാവുമായ ഉപേന്ദ്ര കുശ്‌വാഹ എൻ.ഡി.എയും മഹാസഖ്യവും വിട്ടാണ് മഹാ ജനാധിപത്യ മതേതര മുന്നണി രൂപീകരിച്ച് മത്സര രംഗത്തിറങ്ങിയത്. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം, മായാവതിയുടെ ബി.എസ്.പി, എസ്.ബി.എസ്.പി, സമാജ് വാദി ജനതാദൾ ഡെമോക്രാറ്റിക്, ജനതാന്ത്രിക് പാർട്ടി (എസ് ) എന്നിവരാണ് സഖ്യത്തിലെ മറ്റുകക്ഷികൾ. പത്തു ശതമാനം വോട്ട് മുന്നണിക്കുണ്ടെന്നാണ് അവകാശവാദം. 2015ൽ എൻ.ഡി.എ മുന്നണിയിൽ മത്സരിച്ച ആർ.എൽ.എസ്.പിക്ക് 3.6 ശതമാനം വോട്ടും രണ്ട് സീറ്റുമാണ് ലഭിച്ചത്. ബി.എസ്.പി രണ്ട് ശതമാനത്തിലേറെ വോട്ടുപിടിച്ചു.

 പുരോഗമന ജനാധിപത്യ സഖ്യം

മുൻ ലോക്‌സഭാ എം.പിയും ജൻ അധികാർ പാർട്ടി നേതാവുമായ പപ്പുയാദവിന്റെ (രാജേഷ് രഞ്ജൻ) നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ സഖ്യത്തിൽ (പി.ഡി.എ) ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി, ബഹുജൻ മുക്തി പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ പാ‌ർട്ടികളാണുള്ളത്. പപ്പു യാദവ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. അധികാരത്തിലെത്തിയാൽ മദ്യനിരോധനം നീക്കുമെന്നും ആറു മാസം കൊണ്ട് സംസ്ഥാനത്തെ അഴിമതി തുടച്ചുമാറ്റുമെന്നുമൊക്കെയാണ് വാഗ്ദാനം.

വടക്കൻ ബീഹാറിലെ കോസി, സീമാഞ്ചൽ മേഖലകളിൽ സ്വാധീനമുള്ള പപ്പുയാദവ് സ്വന്തം തട്ടകമായ മധേപുരിയിൽ നിന്നാണ് ജനവിധി തേടുന്നത്. നാലു തവണ ലോക്‌സഭാംഗമായി. എസ്.പി, എൽ.ജെ.പി, ആർ.ജെ.ഡി പാർട്ടികളിൽ പ്രവർത്തിച്ച ശേഷം 2015ലാണ് സ്വന്തമായി പാർട്ടിയുണ്ടാക്കിയത്. സി.പി.എം എം.എൽ.എയായിരുന്ന അജിത് സർക്കാരിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഭാര്യ രഞ്ജിത് രഞ്ജൻ കോൺഗ്രസ് നേതാവും മുൻ ലോക്‌സഭാംഗവുമാണ്.