covid

 തുടർച്ചയായി മൂന്നു ദിവസം 5000ത്തിന് മുകളിൽ

ന്യൂഡൽഹി: കഴിഞ്ഞ രണ്ടുമാസമായി നിയന്ത്രണവിധേയമെന്ന് തോന്നിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാകുന്നു. വെള്ളിയാഴ്‌ച വരെ തുടർച്ചയായ മൂന്നുദിവസം 5000 ന് മുകളിൽ പ്രതിദിനകേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

വെള്ളിയാഴ്ച 5,891 കേസുകളും 47 മരണവും. എന്നാൽ പരിശോധന കൂട്ടിയത് കൊണ്ടാണ് പ്രതിദിന കേസുകൾ വർദ്ധിക്കുന്നതെന്നും മഹാമാരിയുടെ മൂന്നാം തരംഗമല്ലെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ വിശദീകരിച്ചു. ഒക്ടോബറിൽ വായുമലിനീകരണം കൂടിയതും കേസുകൾ വർദ്ധിക്കാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.

നാഷണൽ സെന്റർ ഫോർ ഡീസിസ് കൺട്രോളിന്റെ ഒക്ടോബർ എട്ടിന്റെ റിപ്പോർട്ട് പ്രകാരം ശൈത്യകാലത്ത് ഡൽഹിയിൽ പ്രതിദിന കേസുകൾ 15,000 വരെയാകാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

 ബസുകളിൽ എല്ലാ സീറ്റിലും യാത്രക്കാർ

അതിനിടെ ഡൽഹി ഡി.ടി.സി ബസുകളിൽ എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പരമാവധി 20 യാത്രക്കാരെ മാത്രമാണ് കയറ്റാമായിരുന്നത്. ഉത്സവ സീസൺ പ്രമാണിച്ചുള്ള ഇളവ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന വാദം ഡൽഹി ആരോഗ്യമന്ത്രി തള്ളി.

 പുതിയ 48,268 കേസുകൾ

ഇന്നലെ രാജ്യത്ത് 48,268 പുതിയ രോഗികൾ. 551 മരണം. ആകെ രോഗികൾ 81,37,119 ആയി. ഇന്നലെ വരെ രാജ്യത്ത് ചികിത്സയിലുള്ളവർ 5,82,649. ആകെ രോഗമുക്തി നേടിയവർ 74,32,829.