
കോൺഗ്രസ് സഖ്യം മലയാളികൾ ഉൾക്കൊള്ളും:യെച്ചൂരി
ന്യൂഡൽഹി: പശ്‌ചിമ ബംഗാളിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി പച്ചക്കൊടി കാട്ടി. ചർച്ചയിൽ ധാരണയായെങ്കിലും വോട്ടെടുപ്പിലൂടെയാണ് അന്തിമ തീരുമാനമെടുത്തത്. എട്ടുപേർ വിട്ടുനിന്നതായി അറിയുന്നു. കേരള ഘടകം തീരുമാനത്തെ പിന്തുണച്ചു.
കേരളത്തിൽ സി. പി. എം കോൺഗ്രസിനെതിരെ എൽ.ഡി.എഫിൽ തുടരും. എന്നാൽ ബംഗാളിന് പുറമെ ആസാമിലും ബി.ജെ.പിക്കെതിരെ കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി സഹകരിക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയിൽ കോൺഗ്രസിനൊപ്പം തുടരും.
കേരള ഘടകം മുൻ എതിർപ്പ് വെടിഞ്ഞതോടെയാണ് ബംഗാളിൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സംഖ്യത്തിന് വഴി തെളിഞ്ഞത്. ബി.ജെ.പിയെ പ്രതിരോധിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും കോൺഗ്രസുമായി കൈകോർക്കാമെന്ന നിലപാടിനെ കഴിഞ്ഞ ദിവസം പോളിറ്റ്ബ്യൂറോ യോഗത്തിലും കേരളഘടകം അനുകൂലിച്ചിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ബംഗാൾ ഘടകം ധാരണയുണ്ടാക്കി മത്സരിച്ചത് വിവാദമാകുകയും കേരളഘടകത്തിന്റെ എതിർപ്പിനെ തുടർന്ന് സഖ്യം വേണ്ടെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്‌ക്കാണ് മത്സരിച്ചത്.