
ന്യൂഡൽഹി: കേരളഘടകത്തെ അനുനയിപ്പിച്ച് പശ്‌ചിമ ബംഗാളിൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനുള്ള തടസങ്ങൾ ഇല്ലാതാക്കിയത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും അദ്ദേഹത്തെ പിന്താങ്ങുന്ന ബംഗാൾ ഘടകത്തിന്റെയും വിജയമാണ്.
കേരളത്തിൽ പ്രധാന എതിരാളിയാണെങ്കിലും പുറത്ത് കോൺഗ്രസിനെ അകറ്റി നിറുത്തുന്നത് രാഷ്‌ട്രീയമായി ഗുണമാവില്ലെന്ന തിരിച്ചറിവാണ് നിലപാട് മാറ്റത്തിന് കാരണമായത്. ഇതോടെ അടുത്ത വർഷം നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിന് കോൺഗ്രസുമായി ചേർന്ന് തന്ത്രങ്ങൾ രൂപീകരിക്കാൻ ബംഗാൾ ഘടകത്തിന് വഴി തുറന്നു.
കേരളത്തിലും പുറത്തും കോൺഗ്രസിനെ എതിർത്തിരുന്ന കാലത്തെ രാഷ്‌ട്രീയ സാഹചര്യമല്ല ദേശീയതലത്തിലുള്ളതെന്ന ചിന്താഗതി സി.പി.എം നേതൃത്വം ഉൾക്കൊണ്ടു. കൂടാതെ കേരളത്തിൽ അടക്കം പാർട്ടി നേരിടുന്ന വെല്ലുവിളികളും നയംമാറ്റത്തിന് കാരണമായി. തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയിലും ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിൽ ആർ.ജെ.ഡിക്കൊപ്പം മഹാമുന്നണിയിലും ഇരുപാർട്ടികളും കൈകോർത്തിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ എതിർക്കുന്ന മതേതര മുന്നണിയുടെ ഭാഗമാകാൻ കേരളത്തിന് പുറത്ത് ഒന്നിക്കാതെ തരമില്ല.
മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പോലെ ബി.ജെ.പിയും ബംഗാളിൽ സി. പി. എമ്മിന് ഭീഷണിയാണ്. സമാനമായ പ്രതിസന്ധി കോൺഗ്രസും നേരിടുന്നുണ്ട്. ഇതാണ് സി.പി.എം - കോൺഗ്രസ് ധാരണയ്‌ക്ക് വഴി തെളിച്ചത്. 2016ലെ തിരഞ്ഞെടുപ്പ് ധാരണ പക്ഷേ സി.പി.എമ്മിന് വലിയ ഗുണമുണ്ടാക്കിയില്ല. 14സിറ്റിംഗ് സീറ്റുകൾ നഷ്ടമായ പാർട്ടിക്ക് ലഭിച്ചത് 26 മണ്ഡലങ്ങൾ. എന്നാൽ രണ്ടു സീറ്റ് അധികം പിടിച്ച് 44 സീറ്റുകളുമായി കോൺഗ്രസ് തിളങ്ങി.
ദേശീയ തലത്തിൽ പാർലമെന്റിൽ അടക്കം ബി.ജെ.പിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ കൈകോർത്ത കോൺഗ്രസ്-സി.പി.എം സഹകരണം ബംഗാളിലേക്കും നീളുകയായിരുന്നു. മതേതര കക്ഷികളുമായി സഹകരണമാകാമെന്ന് 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കിയെങ്കിലും പ്രകാശ് കാരാട്ട് പക്ഷവും കേരളഘടകത്തിലെ പിണറായി പക്ഷവും കോൺഗ്രസ് സഖ്യത്തെ തുറന്നെതിർത്തു. ഇത് വിഭാഗീയത സൃഷ്‌ടിക്കുകയും യെച്ചൂരിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. കോൺഗ്രസുമായി രാഷ്‌ട്രീയ സഖ്യമില്ലാതെ എന്ന് അവർ പാർട്ടി കോൺഗ്രസ് പ്രമേയം തിരുത്തി. കോൺഗ്രസ് സഖ്യം വേണ്ടെന്ന് കേന്ദ്രകമ്മിറ്റിയും തീരുമാനിച്ചു.
ബി.ജെ.പിക്കെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് പിന്തുണ അറിയിച്ചെങ്കിലും കേരളഘടകത്തിന്റെ അംഗീകാരമില്ലാത്തതിനാൽ നടന്നില്ല.
പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസ് സഖ്യത്തെ വീണ്ടും എതിർക്കുന്നത് ന്യായീകരിക്കാൻ കേരളഘടകത്തിന് ബുദ്ധിമുട്ടാണ്. കൂടാതെ സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ കേരളഘടകത്തിന് അനിവാര്യവുമായി. അതോടെ കാര്യങ്ങൾ യെച്ചൂരിയും ബംഗാൾ ഘടകവും ആഗ്രഹിച്ച റൂട്ടിലേക്ക് വന്നു. അങ്ങനെയാണ് ഒരിക്കൽ കോൺഗ്രസ് സഖ്യം തള്ളിയ കേന്ദ്രകമ്മിറ്റിയിൽ തന്നെ തീരുമാനം അനുകൂലമാക്കാൻ അവർക്ക് സാധിച്ചത്.