kappa

കോലഞ്ചേരി: മരച്ചീനിയുടെ കഷ്ടകാലം ഒഴിയുന്നില്ല. ഉത്പാദനത്തിൽ മുന്നിലായിട്ടും മരച്ചീനിക്കർഷകരോട് എന്നും അവഗണന മാത്രം. മ​റ്റ് കൃഷികൾക്ക് നൽകുന്ന പരിഗണനയും കൈത്താങ്ങും ലഭിക്കാത്തതുകാരണം നൂറുകണക്കിന് മരച്ചീനിക്കർഷകർ പ്രതിസന്ധിയിലാണ്. നല്ല വില ലഭിക്കാൻ മരച്ചീനി സംഭരിക്കാനും സംസ്‌കരിക്കാനും സർക്കാർ സംവിധാനങ്ങളൊന്നുമി​ല്ല. എട്ടുവർഷം മുമ്പ് മരച്ചീനി കിലോഗ്രാമിന് രണ്ടു രൂപയിലേക്ക് വിലയിടിഞ്ഞിരുന്നു. അന്ന് ഹോർട്ടികോർപ്പ് മരച്ചീനി സംഭരണം തുടങ്ങിയെങ്കിലും പിന്നീടത് ഉപേക്ഷിച്ചു.

പാകമാകുമ്പോൾ മൊത്ത വിൽപ്പനക്കാർ എത്തിയില്ലെങ്കിൽ വിള നശിക്കുന്നത് പതിവാണ്. ഒടുവിൽ അദ്ധ്വാനത്തിന്റെ വിലപോലും ലഭിക്കാതെ കിട്ടുന്നവിലയ്ക്ക് വി​റ്റൊഴിവാക്കേണ്ട സ്ഥിതിയുണ്ടാകും. മരച്ചീനിക്കർഷകർക്ക് കൃഷിവകുപ്പിൽനിന്ന് ആവശ്യമായ സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കാറില്ലെന്ന് മേപ്രത്തുപടിയിലെ കർഷകനായ നാരായണൻ പറഞ്ഞു. മഴയിലും വരൾച്ചയിലും വിളനാശമുണ്ടായാലുള്ള നഷ്ടം വേറെയുമുണ്ട്.തമിഴ്‌നാട്ടിലേക്ക് കയ​റ്റുമതി ഉണ്ടെങ്കിലും ലാഭം പോകുന്നത് ഇടനിലക്കാരിലേക്കാണ്. കർഷകരിൽനിന്ന് 30 മുതൽ 50 രൂപ വരെ വിലയിലാണ് ഇടനിലക്കാരും മൊത്ത വിതരണക്കാരും മരച്ചീനി എടുക്കുന്നത്.ഒരു മൂട്ടിൽനിന്ന് കുറഞ്ഞത് അഞ്ച് കിലോഗ്രാം മരച്ചീനിയെങ്കിലും ലഭിക്കും. കർഷകർ ചില്ലറ വിൽപ്പന നടത്തിയാൽ കിലോ 20 രൂപ വരെ ലഭിക്കും.

നടുന്നതുമുതൽ വിളവെടുക്കും വരെ ആയിരം മൂടിന് 30 പേരുടെ അദ്ധ്വാനം വേണം. ഒരാൾക്ക് കൂലി 750 മുതൽ 1000 വരെ. ആയിരംമൂടിന് 125 കിലോ വളം വേണം. ഒരു കിലോ വളത്തിന് 30 രൂപയാണ് വില. തടമെടുത്തുവയ്ക്കുന്ന കമ്പിൽ കിളിർപ്പ് വരുമ്പോൾ എല്ലുപൊടിയോ, സെറാമിലോ ചേർക്കണം. പാതി വളർച്ചയെത്തുമ്പോൾ കോംപ്ലക്‌സ് നൽകണം. ഭൂരിഭാഗവും രാസവളം ഉപയോഗിക്കാറില്ല.

വരുമോ നല്ലകാലം

മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി ചക്കയ്ക്ക് നല്ലകാലം വന്നതുപോലെ മരച്ചീനിക്കും ഒരു നല്ലകാലം ഉണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഇതിനായി സംഭരണത്തിനും സംസ്‌കരണത്തിനും സർക്കാർ സംവിധാനം ഒരുക്കണമാന്നാണ് കർഷകരുടെ ആവശ്യം.

ആറുമാസക്കമ്പ്

ആറുമാസക്കമ്പിൽ വർഷം രണ്ട് കൃഷിയിറക്കാം. കറുത്ത കമ്പ് ഉപയോഗിച്ചാൽ വിളവെടുപ്പിന്റെ ദൈർഘ്യം പത്തുമാസംവരെ നീളും. ഫംഗസ് ബാധയ്ക്ക് വേപ്പിൻ പിണ്ണാക്കും കുമ്മായപ്പൊടിയും ഒക്കെ നിർദേശിക്കാറുണ്ടെങ്കിലും ചിലവ് ഏറിയതിനാൽ കർഷകർക്ക് താങ്ങാനാവില്ല.രോഗപ്രതിരോധശേഷിയുള്ള എം.4, ശ്രീലേഖ, ശ്രീലക്ഷ്മി തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങൾ ലഭിക്കുമെങ്കിലും പരമ്പരാഗത കമ്പുകളാണ് കർഷകർ ഇപ്പോഴും നടുന്നത്.