കോലഞ്ചേരി: കൊവിഡിൽ എരിയാതെ ഉലകൾ. സൂചി പോലും വില്ക്കാതെയാണ് കൊല്ലക്കുടിലുകളിൽ ഓരോ ദിവസവും തള്ളി നീക്കുന്നത്.
ആലയുടെ ചൂടിൽ ആയുധങ്ങൾ പതം വരുത്തി മൂർച്ചകൂട്ടുന്നവർ കൊവിഡിന്റെ ദൈർഘ്യം കൂടുന്തോറും ഏറെ വലയുകയാണ്. ആധുനിക പണി ആയുധങ്ങൾ അരങ്ങു വാണു തുടങ്ങിയതോടെ ആലയിലേക്ക് എത്തുന്നവർ കുറയുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും ക്ഷാമവും കാരണം കൊല്ലപ്പണിക്കാർ നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്നു. അതിനുപിന്നാലെ ഇടിത്തീ പോലെ കൊവിഡും. ഇരുമ്പ്, കരി വിലക്കയറ്റവും ചിരട്ട ക്ഷാമവുമാണ് പരമ്പരാഗത തൊഴിലാളികളെ വലയ്ക്കുകയായിരുന്നു.
നാട്ടിൻപുറങ്ങളിൽ കൊപ്ര സംസ്‌കരണം നിലയ്ക്കുകയും ഉരിച്ചതേങ്ങ അതേപടി ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുകയും ചെയ്യുന്നതാണ് ചിരട്ടയ്ക്കും, ചിരട്ടക്കരിക്കും ക്ഷാമംനേരിടാൻ പ്രധാന കാരണം. ചിരട്ടക്കരിവില ഇരട്ടിയിലേറെയുമായി. വിപണിയിൽ ചിരട്ടക്കരി ഏതാണ്ട് അപ്രത്യക്ഷമായനിലയാണ്.
•ചിരട്ട കിട്ടാനില്ല
നാലുമാസം മുമ്പ് നൂറ് ചിരട്ടയ്ക്ക് അറുപത് മുതൽ എഴുപത് രൂപവരെയായിരുന്നു വില. ഇപ്പോൾ അത് നൂറ്റിയൻപത് രൂപവരെ എത്തി. ഇരുമ്പിനും വിലകൂടി. ക്ഷാമം നേരിട്ടതോടെ ചിരട്ടയുള്ള സ്ഥലങ്ങൾ തേടിപ്പിടിച്ച് വാഹനങ്ങളിൽ എത്തിച്ച് കരിയാക്കിവേണം ഉലകൾ എരിയിക്കാൻ.
പഴയകാലത്ത് നാട്ടിൻപുറങ്ങളിലെ മുറിച്ചുമാറ്റുന്ന മരങ്ങളുടെ വേരുകളായിരുന്നു പ്രധാനമായും കരിക്കായി ഉപയോഗിച്ചിരുന്നത്. ഇത് കിട്ടാതെ വന്നപ്പോൾ ചിരട്ടയായി ആശ്രയം.
അമ്പത്തിയഞ്ച് വർഷമായ് ആലയുടെ ചൂടിൽ പണിയെടുക്കുന്ന മഴുവന്നൂർ കല്ലേലിൽ കുഞ്ഞുമ്മോൻ പണിക്കൻ പറയുന്നു. തൂമ്പയൊ, മൺവെട്ടിയോ മൂർച്ചകൂട്ടുന്നതിനുള്ള അദ്ധ്വാനം വളരെ കൂടുതലാണ്. കൂലിയാകട്ടെ 80 രൂപയും. തലമുറകളായി പിന്തുടരുന്ന ജോലി ഉപേക്ഷിക്കാനും മനസ് വരുന്നില്ല. എഴുപത്തഞ്ച് കാരനായ കുഞ്ഞുമോൻ പണിക്കന്റെ സഹായത്തിന് ഭാര്യ പാറുക്കുട്ടി പണിക്കത്തിയും ഉണ്ട്. ഈ തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് സർക്കാർ തലത്തിൽ നിന്ന് എന്തെങ്കിലും സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം. കൃഷിക്കാർക്ക് ലഭിക്കുന്ന സഹായവും പ്രോത്സാഹനവും കാർഷികമേഖലയ്ക്ക് താങ്ങും തണലുമായി നിൽക്കുന്ന കൊല്ലപ്പണിക്കാർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.