കൊച്ചി: പഠനംവരെ ഓൺലൈനിലായ കൊവിഡ് കാലത്ത് ഐ.ടി കമ്പനികളുടെ കേന്ദ്രം കൂടിയായ കൊച്ചി നഗരത്തിൽ നികുതി അടയ്ക്കാൻ കോർപ്പറേഷൻ ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലാണ് നഗരവാസികൾ. സെപ്തംബർ, മാർച്ച് മാസങ്ങളിലായി ഓരോവർഷവും രണ്ടു തവണയാണ് വീട്ടുകരം അടയ്ക്കേണ്ടത്. ഇത്തവണ അടയ്ക്കാൻ കഴിയാത്തവർക്ക് അടുത്തതവണ ഒരുശതമാനം പിഴയോടെ നികുതി നൽകാം. പഞ്ചായത്തുകളിൽ വരെ ഓൺലൈനായി നികുതി സ്വീകരിക്കാൻ സൗകര്യമുള്ളപ്പോൾ മെട്രോ കൊച്ചിയിലെ താമസക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്
# ബിൽ കളക്ടർമാർ നെട്ടോട്ടത്തിൽ
നികുതി സമാഹരണത്തിന് കൗൺസിലർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓരോ ഡിവിഷനിലും ക്യാമ്പുകൾ നടത്തിയിരുന്നു. ഇടപ്പള്ളിയിലെ ക്യാമ്പിൽനിന്ന് ഒറ്റ ദിവസത്തിൽ 36 ലക്ഷം രൂപ ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കോർപ്പറേഷൻ ലോക്ക് ഡൗൺ പിൻവലിച്ചതിന് പിന്നാലെ കുടിശിക പിരിക്കുന്നതിന് മുന്നിട്ടിറങ്ങി. റെസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ഫ്ളാറ്റുകളിലെ കെയർ ടേക്കർമാർ എന്നിവരുമായി സഹകരിച്ചാണ് ബിൽ കളക്‌ടർമാർ ഓരോ ഡിവിഷനിൽനിന്നും നികുതിതുക ശേഖരിക്കുന്നത്. കോർപ്പറേഷൻ ഓഫീസിലോ സോണൽ ഓഫീസിലോ നേരിട്ടും തുകഅടയ്ക്കാം.
# സമയപരിധി നീട്ടണം
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാത്തരം നികുതികളും ഓൺലൈൻ മുഖേന അടക്കാനുള്ള സംവിധാനം എത്രയും വേഗം കൊച്ചി നഗരസഭ ഒരുക്കണം. കെട്ടിട നികുതി ഡിസംബർ 31വരെ പിഴയില്ലാതെ അടയ്ക്കാൻ അനുവദിക്കണം.
കലൂർ ഉണ്ണിക്കൃഷ്ണൻ
മേഖലാ സെക്രട്ടറി
എഡ്രാക്ക് എളമക്കര
# അവസാനമില്ലാതെ ഇ ഗവേണൻസ് പ്രതിസന്ധി
സംസ്ഥാന സർക്കാരിന്റെ നിർദേശമനുസരിച്ച് ഓൺലൈൻ സംവിധാനത്തിന്റെ ചുമതല ഇൻഫർമേഷൻ കേരള മിഷന് (ഐ.കെ.എം) കൈമാറാൻ കഴിഞ്ഞ ജൂണിൽ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. കോർപ്പറേഷൻ സെക്രട്ടറി രാഹുൽ ആർ. പിള്ളയെ പദ്ധതിയുടെ മേൽനോട്ടവും ഏല്പിച്ചു. കോർപ്പറേഷന് മാത്രമായി വേണ്ടിവരുന്ന കസ്റ്റമൈസേഷനും അധികം മൊഡ്യൂളുകളും നടപ്പാക്കുന്ന ചുമതല ഐ.കെ.എമ്മിനെ ഏല്പിക്കാനായിരുന്നു ഉദ്ദേശം.
# പാഴായ വാഗ്ദാനങ്ങൾ
2011 ൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള കൗൺസിൽ ഇ ഗവേണൻസ് പദ്ധതി നടപ്പിലാക്കാൻ 8.10 കോടി രൂപയ്ക്ക് സ്വകാര്യ കമ്പനിയായ ടി.സി എസിനെ ചുമതലപ്പെടുത്തി. ജനന ,മരണ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷൻ, നികുതി പിരിവ് ഉൾപ്പെടെയുള്ള 22 ഓൺലൈൻ സേവനങ്ങൾ 56 ആഴ്ചകൊണ്ട് പൂർത്തീകരിക്കുമെന്നായിരുന്നു ധാരണ. പലതവണ കരാർ നീട്ടിനൽകിയെങ്കിലും പദ്ധതി പൂർത്തിയാക്കാൻ ടി.സി.എസിന് കഴിഞ്ഞില്ല. അഞ്ചു കോടിയോളം രൂപ പ്രതിഫലമായി കൈപ്പറ്റിയ ടി.സി.എസ് കഴിഞ്ഞ ജൂണിൽ പദ്ധതിയിൽ നിന്ന് പിൻമാറിയതോടെയാണ് ഐ.കെ.എമ്മിനെ ചുമതല ഏല്പിച്ചത്.