വൈപ്പിൻ : കണ്ടെയ്‌നർ ടെർമിനൽ റോഡിലെ പോന്നാരിമംഗലം ടോൾ പ്ലാസയിൽ മുളവുകാട് , കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്ത് നിവാസികൾക്കുള്ള ടോൾ ഇളവ് തുടരാൻ തീരുമാനമായി. ഹൈബി ഈഡൻ എംപി, എം.എൽ.എമാരായ എസ്.ശർമ്മ , ടി.ജെ വിനോദ് , വി.കെ ഇബ്രാഹിംകുഞ്ഞ് , കളക്ടർ എസ്.സുഹാസ് , നാഷണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ ജെ.ബാലചന്ദർ , പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനമായത്. കണ്ടെയ്‌നർ ടെർമിനൽ റോഡിന് വേണ്ടി ഭൂമി വിട്ടു നൽകിയവരാണ് പ്രദേശത്തെ ജനങ്ങൾ. ടോള്ളിൽ ഇളവ് ലഭിക്കുക എന്നത് അവരുടെ അവകാശമാണെന്നും ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടി.തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് എൻ.എച്ച് ഡയറക്ടറേറ്റിലുള്ള പ്രൊപ്പോസൽ വേഗത്തിലാക്കണമെന്ന് എം.പി പറഞ്ഞു. ടോൾ സംബന്ധിച്ച് ഒരു ത്രികക്ഷി കരാർ കൊണ്ടുവരണമെന്ന് എസ്.ശർമ്മ ആവശ്യപ്പെട്ടു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും എൻ.എച്ച് അതോറിറ്റിയും തമ്മിൽ ഈ വിഷയത്തിൽ ത്രികക്ഷി കരാർ ഉണ്ടെങ്കിൽ മാത്രമേ കരാറുകാർ മാറി വരുന്നതനുസരിച്ച് ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളയെന്ന് അദ്ദേഹം പറഞ്ഞു. ഏലൂർ മുനിസിപ്പാലിറ്റിയുടെ ടോൾ ഇളവ് സംബന്ധിച്ച വിഷയം വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ യും ചൂണ്ടിക്കാട്ടി.