
കുറുപ്പംപടി: നട്ടത് ഒരു തെങ്ങിൻ തൈ.വളർന്നത് നാലായി.രായമംഗലം പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ രേഖഭവനിൽ മനോജിന്റെ വീട്ടുമുറ്റത്ത് വളരുന്ന തെങ്ങിൻ തൈയാണ് അദ്ഭുതമായിരിക്കുന്നത്.രണ്ട് വർഷം മുമ്പാണ് മനോജ് കൃഷിഭവനിൽ നിന്നും ഒരു തെങ്ങിൻതൈ വാങ്ങി നട്ടത്. ഏതാനും മാസം പിന്നിട്ടപ്പോൾ തൈയിൽ നിന്നും മറ്റൊരു മുളപൊട്ടി. രണ്ട് തൈകളും വളരുന്ന ശ്രദ്ധയിൽപ്പെട്ടെങ്കിലും മനോജും വീട്ടുകാരും ഇത് കാര്യമായി എടുത്തില്ല. എന്നാൽ കുറച്ച് മാസം കൂടി പിന്നിട്ടപ്പോൾ തൈയിൽ നിന്നും രണ്ട് മുളകൂടി പൊട്ടിയതോടെയാണ് തെങ്ങിൻ തൈ ചർച്ചാ വിഷയമായത്. അപൂർവ തെങ്ങിൻതൈ കാണാൻ നിരവധിപ്പേരാണ് മനോജിന്റെ വീട്ടിൽ എത്തുന്നത്.