sarasan
കൂടുതൽ തവണ രക്തദാനത്തിന് ഐ.എം.എ നൽകിയ അവാർഡുകളുമായി ആലങ്ങാട് കൊച്ചുപറമ്പിൽ കെ.വി. സരസൻ

ആലുവ: പ്രായം 55 പിന്നിട്ടു. പക്ഷേ,​ ഒ നെഗറ്റീവ് രക്തത്തിന് ആവശ്യം അറിയിച്ചാൽ ആലങ്ങാട് കൊച്ചുപറമ്പിൽ കെ.വി സരസൻ അവിടെ എത്തിയിരിക്കും. പാതിരാത്രിയായാൽ പോലും. ഈ കൊവിഡ് കാലത്തും സരസന്റെ രീതിക്ക് മാറ്റമില്ല. ഇതിനകം 50 പേർക്ക് പേർക്ക് രക്തം നൽകി. ഇനി​ വർഷത്തിൽ രണ്ട് തവണ രക്തദാനം മതിയെന്നാണ് ഡോക്ടർ നൽകിയ നിർദേശം. പക്ഷേ സരസൻ മൂന്നും നാലും തവണ വരെ രക്തം നൽകും.

അപൂർവ രക്ത ഗ്രൂപ്പായതിനാൽ ജില്ലയിലെ ആശുപത്രി അധികൃതർക്കും രക്ത ബാങ്കുകാർക്കുമെല്ലാം സരസനെ നേരിട്ടറിയാം. 17ാം വയസിൽ പാനായിക്കുളം പള്ളി സംഘടിപ്പിച്ച രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പിലാണ് സരസന്റേത് ഒ നെഗറ്റീവ് ഗ്രൂപ്പാണ് തിരച്ചറിഞ്ഞത്. തൊട്ടടുത്ത വർഷം മുതൽ രക്തദാനം തുടങ്ങി​. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2014, 2019 വർഷങ്ങളിൽ സരസനെ സേവന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

നാട്ടിലെ ചെറുതും വലുതുമായ ക്ളബുകളും സമുദായ സംഘടനകളും സരസനെ അനുമോദിച്ചിട്ടുണ്ട്. പോസി​റ്റീവ് ഗ്രൂപ്പാണെങ്കിലും അച്ഛന്റെ പാത പിന്തുടർന്ന് മകൻ സഞ്ജയദത്തും രക്തദാനത്തിൽ മുന്നിലുണ്ട്. സരസന്റെ ജ്യേഷ്ഠന്റെ മകൻ രതീഷും ഒ നെഗറ്റീവ് ഗ്രൂപ്പാണ്. ഇളയച്ഛന്റെ മാതൃകയാണ് രതീഷും പിന്തുടരുന്നത്. കരിങ്കല്ല് കെട്ട് ജോലിയും ചെയ്യുന്ന സരസൻ ആലങ്ങാട് കവലയിലെ ഐ.എൻ.ടി.യു.സി യൂണിയനിലെ ചുമട്ടുതൊഴിലാളിയാണ്. വാസന്തിയാണ് ഭാര്യ. ശ്വേത സുമേഷ് മകളാണ്.