
നെടുമ്പാശേരി: വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലെത്തിച്ച് ഗാന്ധിയൻ സംഘടനയായ പ്രവാസി ഗാന്ധി ദർശൻ വേദി. ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാൻ നിവൃത്തിയില്ലാതെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നിരവധി പേരെ സൗജന്യമായാണ് സംഘടന നാട്ടിലെത്തിച്ചത്.183 യാത്രക്കാരുമായി മസ്‌ക്കറ്റിൽ നിന്ന് കൊച്ചിയിലേയ്ക്കായിരുന്നു വിമാനം. കൂടാതെ വിസ കാലാവധി കഴിഞ്ഞ് തിരിച്ച് പോകാൻ കഴിയാതിരുന്നവർക്ക് തിരിച്ച് മസ്‌ക്കറ്റിലേയ്ക്കും മടക്കയാത്രയ്ക്കുള്ള സൗകര്യവും ഇതേ ഫ്‌ലൈറ്റിൽ തന്നെ ഒരുക്കി. ഉച്ച കഴിഞ്ഞ് നെടുമ്പാശേരിയിലെത്തിയ യാത്രക്കാരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവാസി ഗാന്ധി ദർശൻ വേദി ഭാരവാഹികൾ വരവേറ്റു. ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാനും മുൻ വൈസ് ചാൻസലറുമായ ഡോ.എം.സി. ദിലീപ് കുമാർ ആദ്യ യാത്രക്കാരന് ഗാന്ധിജിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകം നൽകി സ്വീകരിച്ചു. വിമാത്തിലെത്തിയ മുഴുവൻ യാത്രക്കാർക്കും ഗാന്ധിജിയുടെ ജീവിത കഥ സമ്മാനമായി നൽകി.
പ്രവാസി ഗാന്ധി ദർശൻ വേദി സംസ്ഥാന ഭാരവാഹികളായ എം.വി.ആർ. മേനോൻ, ശ്രീകുമാർ പിള്ള, ഐ.ടി. സെൽ ചീഫ് കോർഡിനേറ്റർ മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ, കെ.ആർ നന്ദകുമാർ എന്നിവർ സംസാരിച്ചു.
കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സമ്മേളനനത്തോടനുബന്ധിച്ചാണ് കാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചത്.