കൊച്ചി : പശ്ചിമ കൊച്ചിയിലെ രാമേശ്വരം - കൽവത്തി കനാലിൽ നാലുകിലോമീറ്റർ നീളത്തിൽ ചെളിനീക്കാൻ തീരുമാനിച്ചതായി കൊച്ചി നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനു എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ്. ചെളി നീക്കുന്നതിനൊപ്പം സംരക്ഷണഭിത്തിയും കെട്ടും. കനാലിൽ വലിയതോതിൽ മാലിന്യം അടിഞ്ഞുകൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. 7.5 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിൽ 2.48 കിലോ മീറ്റർ ദൂരത്തിൽ മാലിന്യങ്ങൾ നീക്കംചെയ്തു. ബാക്കി ദൂരത്തിലുള്ള മാലിന്യംകൂടി നീക്കംചെയ്യുന്നതോടെ രാമേശ്വരം - കൽവത്തി കനാലിനെക്കുറിച്ചുള്ള പരാതികൾക്ക് പരിഹാരമാകുമെന്നും നഗരസഭ വിശദീകരിച്ചു.

കൊച്ചിൻ കോളേജ്, കൂവപ്പാടം, കമ്പിവേലിക്കകം തുടങ്ങിയ മേഖലകളിലെ പോളനീക്കത്തിന് ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും തയ്യാറായിട്ടില്ല. ഇതിനായി വീണ്ടും ടെണ്ടർ ക്ഷണിക്കും. കനാലിന്റെ തീരത്തെ വീടുകളിൽനിന്ന് അടുക്കള മാലിന്യവും കക്കൂസ് മാലിന്യവും കനാലിലേക്ക് ഒഴുക്കുന്നുണ്ടെന്നും നഗരസഭയുടെ വിശദീകരണത്തിൽ പറയുന്നു. രാമേശ്വരം - കൽവത്തി കനാലിന്റെ ശുചീകരണം ആവശ്യപ്പെട്ട് കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോ ഒാർഡിനേഷൻ കമ്മിറ്റി നൽകിയ ഹർജിയിലാണ് വിശദീകരണം നൽകിയത്. ഹർജി ഒക്ടോബർ എട്ടിനു വീണ്ടും പരിഗണിക്കും.