തോപ്പുംപടി: പശ്ചിമകൊച്ചിയിൽ സമ്പർക്ക രോഗികളും നിരീക്ഷണത്തിലുള്ളവരും കൂടിയതോടെ രണ്ടാഴ്ച മുൻപ് അടച്ചുപൂട്ടിയ മഹാത്മ സ്നേഹ അടുക്കള പ്രവർത്തിച്ചുതുടങ്ങി. രോഗികളുടെ എണ്ണം കൂടിയതോടെ കൊച്ചിൻ കോർപ്പറേഷൻ ഡിവിഷനിലെ ഏഴ് ഡിവിഷൻ അടച്ചു പൂട്ടിയതോടെ ഈ ഭാഗത്തുള്ള ഭക്ഷണശാലകളും അടച്ചു പൂട്ടി. ഇതോടെ നിരീക്ഷണത്തിലുള്ളവരും രോഗികൾക്കും ഭക്ഷണം കിട്ടാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് അടുക്കള രണ്ടാമത് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അടുക്കളയുടെ അമരക്കാരൻ ഷമീർ കേരളകൗമുദിയോട് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ 2 നേരം 500 പേർക്കാണ് ഭക്ഷണം നൽകുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് വർദ്ധിപ്പിക്കും.
56 ദിവസം ദിനംപ്രതി 5000 പേർക്കാണ് ഇതിനു മുൻപ് ഭക്ഷണം നൽകിയിരുന്നത്. ഇപ്പാൾ കപ്പലണ്ടിമുക്ക് ഷാദി മഹൽ ഹാളിൽ കച്ചിമേമൻ അസോസിയേഷന്റെ സഹായത്തോടെയാണ് രണ്ടാമത് അടുക്കകള തുടങ്ങിയിരിക്കുന്നത്. ഭക്ഷണമായി ആര് എന്ത് തന്നാലും ഈ അടുക്കളയിൽ സ്വീകരിക്കും. അടുക്കളയുടെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡൻ എം.പിനിർവഹിച്ചു.റഫീക്ക് ഉസ്മാൻ സേഠ്, പി.എച്ച്.നാസർ, എൻ.കെ. നാസർ തുടങ്ങിയവർ സംബന്ധിച്ചു. ഒരുകൂട്ടം ചെറുപ്പക്കാരാണ് ഈ അടുക്കളയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.