
അസാധാരണ സാഹചര്യങ്ങളിൽ അസാധാരണമായ നടപടികളാണ് വേണ്ടത്. കൊവിഡ് വ്യാപനം രൂക്ഷമായ സന്ദർഭം മുതൽ രാജ്യത്തെ വിവിധ കോടതികൾ സർക്കാരിനോടും പൊതുജനങ്ങളോടും നിരന്തരം പറയുന്ന വസ്തുതയാണിത്. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഇൗ ഘട്ടത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത നടപടികൾ വേണ്ടിവരുമെന്ന് കോടതികൾ ഒാരോ അവസരത്തിലും സമൂഹത്തെ ഒാർമ്മപ്പെടുത്തുന്നുണ്ട്. മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും ജീവിതരീതി തന്നെ മാറിപ്പോയ നമ്മളെത്തന്നെ ചൂണ്ടിക്കാട്ടിയാണ് കോടതികൾ ഇതു പറയുന്നത്. കൊവിഡ് വ്യാപനത്തിന്റെ കെട്ടകാലത്ത് ജീവിച്ചിരിക്കുന്നു എന്നതു തന്നെ മഹാഭാഗ്യമാണ്. ഒാരോ കോടതി വിധികളും കൊവിഡ് രോഗ പ്രതിരോധത്തെക്കുറിച്ചും ഇതിനുള്ള അസാധാരണ നടപടികളെക്കുറിച്ചും നമ്മെ നിരന്തരം ഒാർമ്മപ്പെടുത്തുന്നുണ്ട്. അത്തരമൊരു വിധി ബോംബെ ഹൈക്കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമുണ്ടായി.
മഹാമാരിയുടെ കാലത്ത് തെരുവിലിറക്കരുത്
മുംബയിലെ പിംപ്രി ചിഞ്ച്വാദ് നഗരസഭ പുഴയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി ബോംബെ ഹൈക്കോടതിയിലെത്തിയിരുന്നു. കൊവിഡ് ഭീഷണി മൂലം ഏറെ നാളുകളായി വെർച്വൽ കോടതി സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന മുംബയ് ഹൈക്കോടതി അടുത്തിടെ വീണ്ടും കോടതി മുറിയിലേക്ക് മടങ്ങിവന്ന സമയത്താണ് ഹർജി എത്തിയത്. നദീതീരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ദേശീയ ഹരിതട്രൈബ്യൂണൽ കഴിഞ്ഞ വർഷം സെപ്തംബർ 26 നും ഇക്കഴിഞ്ഞ ജൂൺ 16 നും നൽകിയ ഉത്തരവുകൾ നടപ്പാക്കുന്നതിനാണ് നഗരസഭ ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത ഉൾപ്പെട്ട നാലംഗ ബെഞ്ച് ഇൗ ആവശ്യം നിരസിച്ചു. മഹാമാരി പടർന്നു പിടിക്കുന്ന കാലത്ത് ഒരു സമൂഹത്തെ തെരുവിലേക്ക് ഇറക്കി വിടരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. പുഴയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ അനുമതി തേടുമ്പോൾ ഇതു ബാധിക്കുന്ന ജനങ്ങളുടെ അഭിപ്രായം കോടതിക്കു മുന്നിലില്ല. ഇത്തരമൊരു ഘട്ടത്തിൽ അനുമതി നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഫുൾബെഞ്ച് സ്വീകരിച്ചത്. കൊവിഡ് വ്യാപനത്തെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമ്പോൾ ചെറുതെങ്കിലും ഒരു വിഭാഗത്തെ തെരുവിലേക്ക് ഇറക്കി വിടുന്നത് അവരെ മരണത്തിന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുന്നതിനു തുല്യമാകുമെന്ന് മുംബയ് ഹൈക്കോടതി ചിന്തിച്ചു. അനുമതിയും നിഷേധിച്ചു. മാത്രമല്ല, ഇടക്കാല വിധികളുടെയും ജാമ്യ - സ്റ്റേ ഉത്തരവുകളുടെയും കാലാവധിയും ഫുൾബെഞ്ച് നീട്ടി നൽകി.
പ്രതി നീട്ടിത്തുപ്പി, 500 രൂപ ഫൈൻ
കൊവിഡ് കാലത്തെ വെർച്വൽ കോടതി പുതുമയുള്ള അനുഭവമാണ്. കോടതി മുറികളിലും വരാന്തകളിലും കെട്ടിക്കിടന്ന കേസുകൾ ലാപ് ടോപ്പുകളിലേക്കും മൊബൈൽ ഫോണുകളിലേക്കും ഇറങ്ങി വന്നതോടെ എവിടെയിരുന്നും കോടതി നടപടികളിൽ പങ്കെടുക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. വ്യവഹാരങ്ങളിലെ കാലതാമസം ഒഴിവാക്കാൻ സുപ്രീംകോടതിയുടെ തന്നെ അനുമതിയോടെ രാജ്യത്തെ മിക്ക കോടതികളും ഹൈടെക്ക് ആയി. പക്ഷേ, ഹാജരാകുന്ന കക്ഷികൾ ഉൾപ്പെടെയുള്ളവർ പലപ്പോഴും കോടതികളിൽ പാലിക്കുന്ന മര്യാദ വെർച്വൽ കോടതികളിൽ പാലിക്കുന്നില്ലെന്ന പരാതി രൂക്ഷമാണ്. ഇത്തരമൊരു സംഭവം അടുത്തിടെ നടന്നത് ഗുജറാത്ത് ഹൈക്കോടതിയിലാണ്. ജസ്റ്റിസ് എ.എസ്. സുപേഹ്യയുടെ ബെഞ്ചിൽ ഒരു കേസിൽ പ്രതിയായ അജിത് കുബ്ബഭായി ഗോഹിൽ എന്നയാളെ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കി. കേസ് പരിഗണിക്കാനെടുക്കുമ്പോൾ പ്രതി തികച്ചും അലസമായാണ് പ്രതികരിച്ചത്. മാത്രമല്ല, കോടതി നടപടികൾക്കിടെ നിലത്തേക്ക് നീട്ടിത്തുപ്പുകയും ചെയ്തു. പ്രതിയുടെ ഇൗ പെരുമാറ്റത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. മാത്രമല്ല, കോടതിയുടെ അന്തസിനു ചേരാത്ത തരത്തിൽ പെരുമാറിയതിന് പ്രതിയോട് 500 രൂപ പിഴയായി ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവയ്‌ക്കാനും ഉത്തരവിട്ടു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെ വിവിധ കോടതികളിൽ ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് മുഖേന കാറിനുള്ളിൽ ഇരുന്നു കോടതി നടപടികളിൽ പങ്കെടുത്ത അഭിഭാഷകൻ സിഗരറ്റ് വലിച്ചതും ടീ ഷർട്ട് ധരിച്ച് കിടക്കയിൽ കിടന്ന് ഒരഭിഭാഷകൻ കോടതി നടപടികളിൽ പങ്കെടുത്തതുമൊക്കെ ഇതിനകം തന്നെ കോടതികളുടെ പരാതിക്കിടയാക്കിയിട്ടുണ്ട്.