petty-1

കൊച്ചി: കമിതാക്കളും ആൺ- പെൺ സുഹൃത്തുക്കളും ജാഗ്രതൈ..! മറൈൻ ഡ്രൈവിൽ കൈപിടിച്ച് ചേർന്നു നടന്നാൽ പുലിവാലാകും. കേസും കോടതിയും ധന- മാന നഷ്ടങ്ങളുമൊക്കെ സംഭവിക്കാം. കഴുകൻ കണ്ണുകളുമായി കേരള പൊലീസ് പിന്നാലെയുണ്ട്. സദാചാരമല്ല, സാമൂഹീകാകലമാണ് പ്രശ്നം.

ഇന്നലെ ഉച്ചയോടെ എറണാകുളം വനിത പൊലീസ് വിഭാഗം മറൈൻ ഡ്രൈവിലെത്തി കണ്ണിൽക്കണ്ട കമിതാക്കൾക്കെല്ലാം പെറ്റി അടിച്ചു. രാജ്യത്ത് ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതും കൈകൾ കോർത്തുപിടിച്ച് ചേർന്ന് നടക്കുന്നതുമൊന്നും കുറ്റകരമല്ല. അതിന്റെ പേരിൽ കേസ് എടുക്കാൻ വകുപ്പുമില്ല. പക്ഷേ അതൊക്കെ പണ്ട്. ഇപ്പോൾ കൊവിഡ് കാലമാണ്. സാമൂഹി​കാകലത്തിന്റെ പേരിൽ ആരെയും കുടുക്കാമെന്നതാണ് പൊലീസിന്റെ നിലപാട്. കൊവിഡ് കാലത്ത് കിട്ടിയ പ്രത്യേക അധികാരം പരമാവധി വിനിയോഗിക്കുകയാണവർ. ആണിനും പെണ്ണിനും 200 രൂപവീതമാണ് പിഴയിട്ടത്.

രൊക്കംപണം കൈവശമില്ലാത്തവർക്ക് ഈ മാസം 21 ന് എറണാകുളം സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി സമാധാനം ബോധിപ്പിക്കണമെന്ന് അറിയിച്ച് നോട്ടീസും നൽകി. തങ്ങളുടെ പേരിലുള്ള കുറ്റം സദാചാരലംഘനമാണോയെന്ന് ചോദിച്ചവരോട്, അതല്ല സാമൂഹി​കാകലമാണ് കേസിന് ആസ്പദമെന്ന് വിശദീകരിക്കാനും പൊലീസ് മറന്നില്ല. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ചെറിയൊരു ബോധവത്കരണ ക്ലാസും കൊടുത്തു. തർക്കിക്കാൻ നിന്നാൽ വീട്ടുകാരും നാട്ടുകാരുമറിഞ്ഞ് കൂടുതൽ പ്രശ്നമാകുമെന്ന ഭയത്താൽ പിടിക്കപ്പെട്ടവർ പിഴയടച്ച് തലയൂരി​. പ്രണയംമൂത്ത് മുട്ടി​യുരുമ്മി​ ഇരുന്നവരും നടന്നവരുമാണ് കുടുങ്ങി​യവരി​ൽ ഏറെയും.