കോലഞ്ചേരി: ലൈസൻസും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങളുമായി വഴിയോര കച്ചവടത്തിന് ഇറങ്ങി തിരിക്കരുത്. പണിപാളും. പാതയോരങ്ങളിലെ കച്ചവടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇത്തരം വില്പനശാലകളിൽ നിന്നും നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് ഗുണനിലവാരമില്ലെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞു.

കൊവിഡ് വ്യാപനത്തോടെ ജോലി നഷ്ടപ്പെട്ടവരാണ് ഉത്പന്നങ്ങളുമായി തെരുവുകളെ ആശ്രയിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക നിഗമനം. 2006ലെ ഫുഡ്‌ സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം വഴിയോരങ്ങളിലും വാഹനങ്ങളിലും തട്ടുകടകളിലും ഭക്ഷണം വിൽക്കാൻ ഫുഡ്‌ സേഫ്റ്റി രജിസ്ട്രേഷൻ നിർബന്ധമാണ്.12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ,വ്യക്തികൾ ലൈസൻസിനു പകരമായി രജിസ്ട്രേഷൻ എടുക്കണം. രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പിഴയും 6 മാസം തടവുമാണ് ശിക്ഷ.

വെള്ളത്തിനും വേണം

പരിശോധന റിപ്പോർട്ട്

ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ ആക്ട് അനുസരിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.വെള്ളം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് വില്പക്കുന്നവർ വെള്ളം പരിശോധിച്ച റിപ്പോർട്ടും കരുതണം. ഇതിന് പുറമേ

കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തണം.പൊടിപടലങ്ങൾ, പ്രാണികൾ എന്നിവ ഭക്ഷണത്തിൽ കലരാതിരിക്കാൻ മുൻകരുതൽ കൈക്കൊള്ളണം.

വൃത്തിയില്ലെങ്കിൽ

ശിക്ഷ ഒരു ലക്ഷം

ഗ്ലൗസ്, ഹെഡ് ഗിയർ, ഏപ്രൺ എന്നിവ ധരിച്ചു വേണം വിൽപന നടത്തേണ്ടത്.

വാഹനങ്ങൾ, തട്ടുകട എന്നിവ ശുചിയായി സൂക്ഷിക്കണം. വൃത്തിഹഹീനമായ രീതിയിലാണ് ഭക്ഷണം വിൽക്കുന്നതെന്ന് കണ്ടെത്തിയാൽ ഷെഡ്യൂൾ നാല് പ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും.

ലേബൽ വേണം

ചിപ്സ്, ബിരിയാണി, അണ്ടിപ്പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, മീൻ എന്നിവയാണ് തെരുവുകളിൽ വില്പന പൊടിപൊടിക്കുന്നത്. എന്നാൽ ഇത്തരം ഭക്ഷണ പദാർത്ഥങ്ങളിൽ കൃത്യമായ ലേബൽ വിവരങ്ങൾ ഉണ്ടായിരിക്കണം. ഭക്ഷ്യ വസ്തുവിന്റെ പേര്, തൂക്കം, വില, പാക്കറ്റിനുള്ളിലെ ഘടകങ്ങൾ, പോഷക മൂല്യങ്ങൾ, ഉത്പാദന തീയതി, ഉപയോഗിക്കാവുന്ന കാലവധി, വെജ് - നോൺ വെജ്, ലോഗോ, ഫുഡ് സേഫ്റ്റി ലൈസൻസ് - രജിസ്ട്രേഷൻ നമ്പർ, ഉത്പാദകന്റെ കൃത്യമായ മേൽവിലാസം എന്നിവയാണ് ലേബലിൽ രേഖപ്പെടുത്തിയിരിക്കേണ്ടത്. ലേബൽ ഇല്ലെങ്കിൽ മൂന്ന് ലക്ഷം രൂപയാണ് പിഴ ശിക്ഷ.

വഴിയോരങ്ങളിൽനിന്നു ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നവർ അത് ശുചിയായും ഗുണ നിലവാരത്തോടു കൂടിയും ഉത്പാദിപ്പിച്ചതാണെന്നു ഉറപ്പാക്കി വാങ്ങി ഉപയോഗിക്കുക. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരാതികൾക്ക്

1800- 425 -1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.