• ആലുവ പൊലീസ് ക്വാർട്ടേഴ്സിലെ കിണർ
എസ്.ഐ മുഹമ്മദ് കബീർ സ്വന്തം പണം മുടക്കി നവീകരിച്ച കഥ
ആലുവ: ആലുവ പൊലീസ് കൺട്രോൾ റൂമിലെ എസ്.ഐ മുഹമ്മദ് കബീറിന് ഇനി രണ്ട് വർഷം കൂടിയാണ് സർവീസിൽ ബാക്കി. മൂന്നര പതിറ്റാണ്ടത്തെ സേവനം. ജീവിതമേകിയ സേനക്ക് തിരിച്ചെന്ത് നൽകിയെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലെ ഉറവവറ്റാത്ത കിണർ.
ക്വാർട്ടേഴ്സിന് പിന്നിൽ കാടുമൂടി കിടന്ന കിണർ 1.15 ലക്ഷം രൂപ സ്വന്തം പോക്കറ്റിൽ നിന്നും ചെലവഴിച്ചാണ് മുഹമ്മദ് കബീർ നവീകരിച്ചത്. 2018ലെ മഹാപ്രളയത്തിൽ ആലുവ ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം നിലച്ചപ്പോൾ കുടിവെള്ളം ഇല്ലാതെ പൊലീസുകാർ ദുരിതത്തിലായി. അന്ന് ആലുവ ട്രാഫിക്ക് എസ്.ഐയായിരുന്നു മുഹമ്മദ് കബീർ. ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ എൻ.ഡി.ആർ.എഫ് സംഘവുമുണ്ട്. എല്ലാവരും വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. രക്ഷാപ്രവർത്തകർക്കുള്ള ജലവിതരണ ചുമതല എസ്.ഐ കബീറിനായിരുന്നു.
നേതാജി റോഡിൽ താമസിക്കുന്ന പരിസരവാസിയായ വൃദ്ധനാണ് ക്വാർട്ടേഴ്സിന് പിന്നിലെ കിണറിനെക്കുറിച്ച് കബീറിനെ അറിയിച്ചത്. പൊലീസുകാർ കാട് വെട്ടിത്തെളിച്ച് കിണർ കണ്ടെത്തി. കൈവരിയില്ലെങ്കിലും രണ്ട് ചെറിയ കോൺക്രീറ്റ് തൂണുകൾ ഉണ്ടായിരുന്നു. പലഘട്ടങ്ങളിലായി കിണർ നവീകരിച്ചു. മാലിന്യങ്ങൾ നീക്കി, 14 റിംഗുകൾ കൂടി പുതിയതായി ഇറക്കി. ചുറ്റും ടൈലും കോൺക്രീറ്റ് കട്ടകളും വിരിച്ച് മനോഹരമാക്കി. 'കിണറ്റിങ്കര' എന്ന പേരുമിട്ടു.
പൊലീസ് ലൈബ്രറിക്ക് മുമ്പിലായതിനാൽ സായാഹ്നങ്ങളിൽ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. മാസങ്ങൾക്ക് മുമ്പ് ഡി.ജി.പി ഉദ്ഘാടനത്തിന് സന്നദ്ധമായെങ്കിലും കൊവിഡ് മുടക്കി.
ഇന്ന് രാവിലെ ഒമ്പതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് കിണർ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കബീർ അദ്ധ്യക്ഷത വഹിക്കും. എ.എസ്.പി ഇ.എൻ. സുരേഷ്, ഡിവൈ.എസ്.പിമാരായ ആർ. റാഫി, ജി. വേണു, മധുബാബു, എം.കെ. മുരളി, അജിത്ത് കുമാർ, കെ.എം. ഷെമീർ എന്നിവർ സംബന്ധിക്കും.