തൃശൂർ: ലോകം കണ്ട വ്യവസായ പ്രമുഖരിൽ ഒരാളായിരുന്നപ്പോഴും അഡ്വ. സി.കെ. മേനോൻ എന്നും സാധാരണക്കാർക്കൊപ്പമായിരുന്നുവെന്ന് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സി.കെ. മേനോൻ ഒന്നാം ഓർമ്മദിനാചരണം തൃശൂർ സി.എം.എസ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സമ്പത്ത്. ഇടപെടുന്ന ഓരോരുത്തരിലും ഒരിക്കലും മറക്കാത്ത രീതിയിൽ സ്‌നേഹത്തിന്റെ കൈയൊപ്പുകൂടി അദ്ദേഹം പതിപ്പിച്ചു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറാനും അദ്ദേഹത്തിന് കഴിഞ്ഞു. മേനോന്റെ സാന്നിദ്ധ്യം കൂടുതലായി നമ്മോടൊപ്പം ഉണ്ടാകേണ്ട സമയത്തായിരുന്നു അദ്ദേഹത്തിന്റെ വേർപാടെന്ന് സ്പീക്കർ അനുസ്മരിച്ചു.
മേനോന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആരംഭിച്ച യോഗത്തിൽ മേയർ അജിത ജയരാജൻ അദ്ധ്യക്ഷയായി. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
ടി.എൻ. പ്രതാപൻ എം.പി, ജില്ലാ കളക്ടർ എം. ഷാനവാസ്, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീള ദേവി, ഡിവിഷൻ കൗൺസിലർ എം.എസ്. സമ്പൂർണ, കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി, കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ എന്നിവർ സംസാരിച്ചു.
മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ എം.എ. ബേബി, എം.എം. ഹസൻ, സി.കെ. മേനോന്റെ മകനും എ.ബി.എൻ. കോർപറേഷൻ ആന്റ് ബഹ്‌സാദ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനുമായ ജെ.കെ. മേനോൻ എന്നിവർ ഓൺലൈനിലൂടെ സി.കെ. മേനോനെ അനുസ്മരിച്ചു.
സി.കെ. മേനോൻ അനുസ്മരണ സമിതി ചെയർമാൻ എം.കെ. ഹരിദാസ് സ്വാഗതവും കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ നന്ദിയും പറഞ്ഞു.