
കൊച്ചി: സിനിമാ തിയേറ്ററുകൾ തൽക്കാലം തുറക്കേണ്ടെന്ന് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ യോഗം തീരുമാനിച്ചു. അധികനികുതികൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ചശേഷം സിനിമകൾ റിലീസ് ചെയ്താൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് നിബന്ധനകൾ പാലിച്ചാലും തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനാവില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഒരു തിയേറ്ററിൽ പരമാവധി 200 പേരെയേ പ്രവേശിപ്പിക്കാനാകൂ. ആ വരുമാനം കൊണ്ട് തിയേറ്റർ നടത്താനാവില്ല. സിനിമകൾക്ക് വിനോദനികുതിയും അധിക സെസും ചുമത്തിയത് വലിയ ബാദ്ധ്യത വരുത്തിയിട്ടുണ്ട്. ഇവ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. തിയേറ്ററുകൾ തരാനുള്ള 25 കോടിയോളം രൂപ ലഭിക്കണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറായതോടെ പിടിച്ചുവച്ചിരുന്ന രണ്ടു സിനിമകൾക്ക് അംഗീകാരം നൽകിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു.